വീട്ടമ്മയുടെ കൊലപാതകം: നാടുകാണി ചുരത്തിലേക്ക് ജനം ഒഴുകി
text_fields നിലമ്പൂർ: നാടുകാണി ചുരം വനമേഖലയിലെ കൊക്കയിൽ തള്ളിയ സൈനബയുടെ മൃതദേഹം കാണാൻ ആളുകൾ ചുരത്തിൽ തടിച്ചുകൂടി. തിങ്കളാഴ്ച രാവിലെ പത്തോടെ കോഴിക്കോട് ടൗൺ എ.സി.പി ബിജുരാജിന്റെ നേതൃത്വത്തിൽ രണ്ട് ജീപ്പുകളിലായാണ് പ്രതി സമദുമായി പൊലീസെത്തിയത്. ചുരത്തിൽ മൃതദേഹം തള്ളിയിട്ടുണ്ടെന്ന വിവരം പൊലീസെത്തും മുമ്പുതന്നെ നാട്ടുകാർ അറിഞ്ഞിരുന്നു. മൃതദേഹം തള്ളിയ സ്ഥലം എവിടെയാണെന്നറിയാതെ ചുരം ആരംഭിക്കുന്ന ആനമറിയിലും ചുരം റോഡുകളിലും ആളുകൾ കാത്തിരുന്നു.
കേരള-തമിഴ്നാട് അതിർത്തിക്ക് അര കിലോമീറ്റർ ദൂരത്തിൽ ഗണപതികല്ല് വനമേഖലയിലാണ് മൃതദേഹം തള്ളിയതെന്ന വിവരം ലഭിച്ചതോടെ തമിഴ്നാടിലെ നാടുകാണി, ഗൂഡല്ലൂരിൽനിന്ന് വഴിക്കടവിൽനിന്നും വാഹനങ്ങളിൽ മറ്റുമായി ആളുകൾ വന്നുതുടങ്ങി. വഴിക്കടവിൽനിന്ന് 12 കിലോമീറ്ററും നാടുകാണിയിൽ നിന്ന് ആറ് കിലോമീറ്ററുമാണ് ഗണപതി കല്ലിലേക്കുള്ളത്. ആളുകൾ തടിച്ചുകൂടിയതോടെ ജീപ്പിൽനിന്ന് പ്രതിയെ പുറത്തിറക്കാതെ പൊലീസ് ശക്തമായ കാവൽ ഏർപ്പെടുത്തി.
തുണിക്കൊണ്ട് മുഖം മറച്ചാണ് പ്രതിയെ ജീപ്പിൽ ഇരുത്തിയിരുന്നത്. തമിഴ്നാട് പൊലീസും വനം വകുപ്പും സ്ഥലത്തെത്തിയിരുന്നു. കസബ പൊലീസിന് പുറമെ വഴിക്കടവ് പൊലീസും ശാസ്ത്രീയ കുറ്റന്വേഷണ വിഭാഗവും ഇൻക്വസ്റ്റ് നടപടിയിൽ പങ്കെടുത്തു. ഫയർഫോഴ്സ്, സന്നദ്ധസംഘടനകൾ, നെല്ലിക്കുത്ത് വനപാലകർ, നാട്ടുകാർ എന്നിവരുടെ സഹായത്തോടെ 40 മീറ്ററോളം താഴ്ചയുള്ള കൊക്കയിൽനിന്ന് പന്ത്രണ്ടരയോടെ മൃതദേഹം റോഡിലേക്ക് എത്തിച്ചു. മൃതദേഹം കാണാനെത്തിയവരുടെ ബാഹുല്യം കാരണം ചുരം റോഡിൽ വാഹന തിരക്ക് ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.