കോമളപുരത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മമാരുടെ മാല കവർന്നു
text_fieldsമോഷണം നടന്ന കോമളപുരത്തെ വീടിനു സമീപത്തുനിന്നു ലഭിച്ച കുറുവ സംഘമെന്നു കരുതുന്ന മോഷ്ടാക്കളുടെ ദ്യശ്യംമണ്ണഞ്ചേരി: ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ വീടുകളിൽ വീണ്ടും കുറുവ സംഘമെന്ന് സംശയിക്കുന്നവരുടെ മോഷണം. ഉറങ്ങിക്കിടന്ന വീട്ടമ്മമാരുടെ മാല പൊട്ടിച്ചെടുത്തു. സമീപത്തെ നിരവധി വീടുകളിൽ മോഷണശ്രമവും നടന്നു.
മണ്ണഞ്ചേരി റോഡുമുക്ക് പടിഞ്ഞാറ് മാളിയേക്കൽ വീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെ മൂന്നര പവന്റെ സ്വർണമാലയും സമീപ വാർഡിൽ കോമളപുരം പടിഞ്ഞാറ് നായിക്യംവെളി വീട്ടിൽ അജയകുമാറിന്റെ ഭാര്യ ഇന്ദുവിന്റെ മാലയുമാണ് കവർന്നത്. ഇന്ദുവിന്റെ മാല മുക്കുപണ്ടമായിരുന്നുവെങ്കിലും താലി സ്വർണമായിരുന്നു. പിന്നീട് താലി വീട്ടിലെ തറയിൽനിന്ന് ലഭിച്ചു.
സമീപത്തെ പോട്ടയിൽ സിനോജ്, കോമളപുരം ടാറ്റാ വെളിക്ക് പടിഞ്ഞാറ് അഭിനവം വീട്ടിൽ വിനയചന്ദ്രൻ എന്നിവരുടെ വീടുകളുടെ അടുക്കള വാതിലുകൾ പൊളിച്ച നിലയിലാണെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ആലപ്പുഴ നോർത്ത്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ ചൊവ്വാഴ്ച പുലർച്ച 12 മുതലാണ് മോഷണപരമ്പര തുടങ്ങിയത്. പ്രദേശത്തുനിന്നു ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് രണ്ടാഴ്ച മുമ്പ് മണ്ണഞ്ചേരി നേതാജി ജങ്ഷന് സമീപം മോഷണശ്രമം നടത്തിയ മോഷ്ടാക്കൾ തന്നെയാണെന്നാണ് സൂചന.
രാത്രി മഴ പെയ്യുന്ന സമയത്തായിരുന്നു മോഷണങ്ങൾ. ഇവർ വീടുകളിൽ നടന്നാണ് വന്നത്. ദൂരെ എവിടെയെങ്കിലും വാഹനം വെച്ച ശേഷം ഇവിടേക്ക് നടന്നു വന്നതായാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്ദു ഉറങ്ങുമ്പോഴാണ് മാല പൊട്ടിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും മോഷ്ടാക്കൾ കടന്നുകളഞ്ഞു. ആലപ്പുഴ ഡിവൈ.എസ്.പി മധു ബാബു വീടുകൾ സന്ദർശിച്ചു. പൊലീസ് നായും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു.
മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘം; ജനം ആശങ്കയിൽ
അടിക്കടി മോഷണങ്ങൾ നടക്കുന്നതും പിന്നിൽ കുറുവ സംഘമാണെന്ന അഭ്യൂഹവും പരന്നതോടെ നാടാകെ ഭീതിയിൽ. വീടുകളുടെ പിൻവാതിൽ തകർത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി. പലപ്പോഴും മൂന്നുപേർ ഒന്നിച്ചാണു മോഷണത്തിന് എത്തുന്നത്. കണ്ണുകൾ മാത്രം പുറത്തു കാണാവുന്ന വിധത്തിൽ തോർത്ത് തലയിൽ കെട്ടും. ഷർട്ടും ലുങ്കിയും അരയിൽ ചുരുട്ടിവെച്ച് അതിനു മീതേ നിക്കർ ധരിക്കും. ശരീരത്തിൽ എണ്ണയും കരിയും പുരട്ടും. പിടികൂടിയാൽ വഴുതി രക്ഷപ്പെടാനാണിത്.
വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്തു വാതിൽ തുറക്കാൻ വീട്ടുകാരെ പ്രേരിപ്പിക്കാറുണ്ട്. പുറത്തിറങ്ങുന്നവരെ ആക്രമിച്ച് അകത്തേക്ക് ഇരച്ചുകയറും. വീട്ടിൽ കയറുന്ന സംഘത്തിലെ ഒരാൾക്കു മാത്രമാകും സ്ഥലത്തെക്കുറിച്ചു പരിചയമുണ്ടാകുക. ആയുധം കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുക്കുന്ന രീതിയുമുണ്ട്. സ്ത്രീകളുടെ ശരീരത്തിലെ ആഭരണം മുറിച്ചെടുക്കാൻ പ്രത്യേക കത്രിക ഉപയോഗിക്കും. സംഘം നന്നായി മലയാളം സംസാരിക്കും. മോഷണം നടത്തുന്ന സ്ഥലങ്ങളിൽ മലയാളം മാത്രമേ സംസാരിക്കൂ. ആറു മാസംവരെ വീടുകളെ നിരീക്ഷിച്ച ശേഷമാണ് ഇവർ മോഷണത്തിന് എത്തുന്നതെന്നും പറയപ്പെടുന്നു. മോഷണം ആസൂത്രണം ചെയ്താലുടൻ താമസസ്ഥലം മാറും. മോഷണ സ്ഥലത്തിനു കിലോമീറ്ററുകൾ അകലെയായിരിക്കും ആ സമയത്തു താമസിക്കുക. പകൽ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങും. രാത്രിയിൽ മോഷണം, എതിർത്താൽ ആക്രമണം കുറുവ സംഘത്തിന്റെ രീതി ഇങ്ങനെയെന്നു പൊലീസ് പറയുന്നു. സംസ്ഥാനത്ത് പലയിടത്തും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. കേരള-തമിഴ്നാട് അതിർത്തിയിലാണ് ഇവരുടെ ഒരു താവളം. കുറുവ എന്നു കേരളത്തിൽ അറിയപ്പെടുന്ന ഇവരെ തമിഴ്നാട്ടിൽ നരിക്കുറുവ എന്നാണു വിളിക്കുന്നത്.
കമ്പം, ബോഡിനായ്ക്കന്നൂർ, കോയമ്പത്തൂർ, മധുര, തഞ്ചാവൂർ എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങളാണ്. മോഷണമെന്ന കുലത്തൊഴിലിൽനിന്ന് ഇവരെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ വീടുകൾ ഉൾപ്പെടെ നൽകിയെങ്കിലും പിന്തിരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇവരുടെ ഇഷ്ട ഇടമാണ് ആലപ്പുഴ. രണ്ടാഴ്ച മുമ്പ് ചേർത്തല ഭാഗത്തും കുറുവ സംഘം എത്തിയതായി സൂചനയുണ്ട്.
ഞെട്ടൽ മാറാതെ ഇന്ദു
ഇപ്പോഴും ഞെട്ടൽ മാറാതെ വീട്ടമ്മ. ഉറങ്ങിക്കിടക്കുമ്പോൾ കഴുത്തിൽനിന്ന് കുറുവ സംഘമെന്ന് സംശയിക്കുന്ന സംഘം മാല കവർച്ച ചെയ്യപ്പെട്ട മണ്ണഞ്ചേരി പഞ്ചായത്ത് മാളിയേക്കൽ വീട്ടിൽ ഇന്ദുവിന്റെ ശബ്ദത്തിന് ഇപ്പോഴും ഇടർച്ച. ഉറക്കത്തിൽ കഴുത്തിൽ എന്തോ ഇഴയുന്നതുപോലെ തോന്നിയാണ് ഉണർന്നത്. തൊട്ട് മുന്നിൽ മോഷ്ടാവിനെ കണ്ടപ്പോൾ ശബ്ദം പുറത്തേക്ക് വന്നില്ല. നിലവിളിക്കാൻ ശ്രമിച്ചപ്പോൾ നാവ് തളർന്നുപോയ അവസ്ഥ. അൽപസമയത്തിന് ശേഷമാണ് ശബ്ദം പുറത്തേക്ക് വന്നത്.
ഒപ്പമുണ്ടായിരുന്ന ഭർത്താവ് എഴുന്നേറ്റതോടെ മോഷ്ടാവ് ഓടി. പിന്നാലെ ചെന്നെങ്കിലും മോഷ്ടാവ് അയൽവീടിന്റെ ഭാഗത്തേക്ക് ഓടുകയായിരുന്നു. മുറിയിലെ മേശപ്പുറത്തുണ്ടായിരുന്ന 1000 രൂപയോളം സൂക്ഷിച്ചിരുന്ന പഴ്സും നഷ്ടപ്പെട്ടു. പിന്നീട് വീടിന്റെ പുറത്ത് പഴ്സും പേപ്പറുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
മണ്ണഞ്ചേരിയിൽ വ്യാപക മോഷണം; മോട്ടോറുകൾ അപഹരിച്ചു
മണ്ണഞ്ചേരി: മണ്ണഞ്ചേരിയിൽ വ്യാപക മോഷണം. വിവിധ സ്ഥലങ്ങളിൽനിന്ന് മോട്ടോറുകൾ അപഹരിച്ചു. പഞ്ചായത്ത് 19ാം വാർഡ് വാർഡ് പടിഞ്ഞാറു വശം നിർമാണം നടക്കുന്ന സൈറ്റിൽനിന്നാണ് വാട്ടർ പമ്പ് മോഷണം പോയത്. ഫൗസാൻ ആർക്കിടെക്സിന്റെ പ്രോജക്ട് സൈറ്റിൽ സ്റ്റോർ റൂമിന്റെ പൂട്ടുപൊളിച്ച് ബോർവ്ലിന്റെ പൈപ്പ് മുറിച്ചുമാറ്റിയാണ് വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ചത്. ആറാം വാർഡ് കിഴക്ക് വൈപ്പിൽ ക്ഷേത്രത്തിൽനിന്നും കഴിഞ്ഞ ദിവസം മോട്ടോർ മോഷണം പോയിരുന്നു. ഇവിടെയും സമാന രീതിയിലാണ് മോഷണം നടത്തിയത്.
കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന മിനി ലോറിയുടെ ബാറ്ററിയും കഴിഞ്ഞ ദിവസം രാത്രി മോഷണം പോയി. തമ്പകച്ചുവട് ജങ്ഷന് തെക്കുവശത്ത് പച്ചക്കറി കച്ചവടം നടത്തുന്ന റിയാസിന്റെ വാഹനത്തിന്റെ ബാറ്ററിയാണ് മോഷ്ടിച്ചത്. രണ്ടാം വാർഡ് കാവുങ്കൽ ക്ഷേത്രത്തിന് പടിഞ്ഞാറ് നിർമാണം നടക്കുന്ന കാവുങ്കൽവെളിയിൽ ഷാബുവിന്റെ വീട്ടിലെ മോട്ടോറും മോഷണം പോയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.