കാമുകിയെന്ന വ്യാജേന കൂടെക്കൂടി, കൊലയാളികൾക്ക് വാതിൽ തുറന്നുനൽകി; മുംബൈയിലെ കൊടുംകുറ്റവാളിയുടെ കൊലപാതകം വിവരിച്ച് പൊലീസ്
text_fieldsമുംബൈയിലെ വർളിയിൽ കൊല്ലപ്പെട്ട കൊടുംകുറ്റവാളി ഗുരു സിദ്ദപ്പ വാഘ്മാരെയെ പ്രതികൾ കൊലപ്പെടുത്തിയത് കാമുകിയായി ചമഞ്ഞ് ഒപ്പംകൂടിയ യുവതിയുടെ സഹായത്തോടെയെന്ന് പൊലീസ്. കൊലപാതകം നടത്തിയ രണ്ടുപേരെയും വാഘ്മാരെയുടെ കൂടെ കാമുകി ചമഞ്ഞ് കൂടിയ മേരി ജോസഫ് എന്ന യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ കഥ ചുരുൾനിവർന്നത്.
ജൂലൈ 24നായിരുന്നു വാഘ്മാരെയുടെ കൊലപാതകം. വർളിയിലെ സോഫ്റ്റ് ടച്ച് സ്പായിൽ വെച്ച് രണ്ട് പേർ ചേർന്ന് 25 പ്രാവശ്യം കുത്തി കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസത്തിനിടെ ക്രൈം ബ്രാഞ്ച് കൊലയാളികളായ ഫിറോസ്, സാഖിബ് അൻസാരി എന്നിവരെ അറസ്റ്റ് ചെയ്തു. സ്പാ ഉടമയായ സന്തോഷ് ഷെരീക്കർ എന്നയാളാണ് കൊലയാളികളെ നിയോഗിച്ചത് എന്നും വ്യക്തമായി.
മേരി ജോസഫ് എന്ന യുവതി വാഘ്മാരെയെ ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യയും കുട്ടികളുമുള്ള വാഘ്മാരെക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. സന്തോഷ് ഷെരീക്കറിന്‍റെ നിർദേശപ്രകാരം മേരി ജോസഫ് വാഘ്മാരെയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇവർ പലപ്പോഴും ഒരുമിച്ച് കഴിഞ്ഞു.
വാഘ്മാരെയുടെ വീട്ടിൽ മേരി ജോസഫ് വന്ന് താമസിച്ചതായി ഭാര്യ വെളിപ്പെടുത്തിയിരുന്നു. സാധാരണ രീതിയിൽ വസ്ത്രം ധരിച്ചിരുന്ന വാഘ്മാരെ, കൊല്ലപ്പെടുന്നതിന് ഏതാനും ആഴ്ചകൾ മുമ്പ് മുതൽ ടീ-ഷർട്ടും ജീൻസും ഉൾപ്പെടെ ഫാഷൻ വസ്ത്രങ്ങൾ ധരിച്ചുതുടങ്ങി. മേരി സമ്മാനമായി നൽകിയതായിരുന്നു ഇവ. ഇങ്ങനെ ഇവർ വാഘ്മാരെയുടെ വിശ്വാസം പിടിച്ചുപറ്റി.
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആളാണ് വാഘ്മാരെ. ശത്രുക്കളുടെ പേര് കാലിൽ പച്ചകുത്തുന്ന സ്വഭാവം ഇയാൾക്കുണ്ടായിരുന്നു. സ്പാ ഉടമയായ സന്തോഷ് ഷെരീക്കറും വാഘ്മാരെയും തമ്മിൽ ഒരിക്കൽ തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഷെരീക്കർ കൊലയാളികളെ നിയോഗിച്ചത്. വാഘ്മാരെയെ വശീകരിച്ച് വിവരങ്ങൾ ലഭ്യമാക്കാൻ മേരി ജോസഫിനെ നിയോഗിക്കുകയും ചെയ്തു. ആറ് ലക്ഷം രൂപയാണ് ഷെരീക്കർ ഇതിനായി കൊലയാളി സംഘത്തിന് നൽകിയത്.
നിരവധി തവണ വധശ്രമം നടത്തിയിട്ടും ഇവർക്ക് വാഘ്മാരെയെ കൊലപ്പെടുത്താനായില്ല. ജൂലൈ 24ന് പുലർച്ചെ മേരി ജോസഫ് വാഘ്മാരെയും കൂട്ടി സ്പായിലേക്ക് പോയി. ഇവിടെവെച്ച് ഇവർ വാഘ്മാരെയെ മദ്യപിച്ച് മയക്കിക്കിടത്തിയ ശേഷം കൊലയാളികളെ വിളിച്ച് വരുത്തുകയായിരുന്നു. കൊലപാതക വിവരം രാവിലെ ഇവർ തന്നെയാണ് പുറത്തറിയിച്ചത്.
കൊലക്ക് മുമ്പ് സ്പാക്ക് പുറത്തെ ഒരു ഗുഡ്ക കടയിൽ നിന്ന് കൊലയാളികളിലൊരാളാൾ ഗുഡ്ക വാങ്ങിയിരുന്നു. ഇതിന്‍റെ പണം ഗൂഗിൾ പേ വഴിയാണ് നൽകിയത്. ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട നമ്പർ അന്വേഷിച്ചാണ് പൊലീസ് അതിവേഗം കൊലയാളികളിലേക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.