മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; മത്സ്യത്തൊഴിലാളി കുടുംബത്തിന് 10 ലക്ഷം
text_fieldsആലപ്പുഴ: മത്സ്യബന്ധനത്തിനിടെ മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് ധനസഹായം ലഭിച്ചു. മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഇടപെടലിനെ തുടർന്നാണ് പെരുമ്പളം സ്വദേശിനി അന്നമ്മ ആന്റണിക്ക് ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയിൽനിന്ന് സഹായം ലഭിച്ചത്. മുഹമ്മ മത്സ്യഗ്രാമത്തിലെ മത്സ്യത്തൊഴിലാളിയായിരുന്ന ആന്റണിയാണ് ഹൃദ്രോഗം മൂലം മരിച്ചത്. എന്നാൽ, മരണകാരണം വ്യക്തമല്ലാത്തതിനാൽ തുക നൽകാൻ ഇൻഷ്വറൻസ് കമ്പനി വിസമ്മതിച്ചു. ഇൻഷ്വറൻസ് കമ്പനി മേധാവി നേരിട്ട് ഹാജരാകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. തുടർന്ന് 10 ലക്ഷം രൂപ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് കൈമാറിയതായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി കമീഷനെ അറിയിച്ചു. പരാതിക്കാരി ആലപ്പുഴ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് ആനുകൂല്യം കൈപ്പറ്റണമെന്ന് കമീഷൻ നിർദേശം നൽകി. തുക കാലതാമസം കൂടാതെ നൽകണമെന്ന് കമീഷൻ ക്ഷേമനിധി ബോർഡ് കമീഷണർക്കും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.