വീടും പരിസരവും പൊലീസ് വലയത്തിൽ കൂടുതൽ കൊലപാതകങ്ങൾ സംശയിക്കുന്നു
text_fieldsപത്തനംതിട്ട: നാടിനെ നടുക്കിയ ഇരട്ട നരബലി കേസിലെ പ്രതി ഭഗവൽ സിങ്ങിന്റെ വീടും പരിസരവും കനത്ത പൊലീസ് ബന്തവസിൽ. മുഖ്യപ്രതി ഷാഫിയുടെ ക്രിമിനൽ പശ്ചാത്തലവും ഭഗവൽ സിങ്- ലൈല ദമ്പതികളുടെ ആഭിചാര- അന്ധവിശ്വാസ രീതികളും പരിഗണിച്ച് കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
വേണ്ടിവന്നാൽ വിജനമായ പറമ്പിലെ മണ്ണ് മാറ്റി പരിശോധിക്കാനും ആലോചിക്കുന്നുണ്ട്. ഷാഫി കൂടുതൽ സ്ത്രീകളെ ലക്ഷ്യംവെച്ചതും പലരെയും സമീപിച്ചതായുമുള്ള വിവരങ്ങൾ പുറത്തുവന്നു. സംസ്ഥാനത്ത് ആളുകളെ കാണാതായ കേസ് ഫയലുകൾ പൊലീസ് പൊടിതട്ടിയെടുത്തു തുടങ്ങി. സ്ത്രീകൾ ഉൾപ്പെട്ടവ പ്രത്യേകം അന്വേഷിക്കും. അതിനിടെ, പൊലീസിനോട് കൂടുതൽ സഹകരിക്കാത്ത ഷാഫിയുടെ പ്രകൃതം അന്വേഷണ സംഘത്തെ വലക്കുന്നുണ്ടെങ്കിലും ഭഗവൽ സിങും ലൈലയും കാര്യങ്ങൾ തുറന്നു പറയുന്നതായാണ് അറിയുന്നത്.
2019 മുതൽ ഭഗവൽ സിങ്ങുമായി ബന്ധം സ്ഥാപിച്ച ഷാഫി നിരവധി തവണ ഇവിടെ വന്ന് താമസിച്ചിരുന്നു. നരബലിക്കായി ദമ്പതികൾ ഷാഫിയുമായി ചേർന്ന് വൻ ആസൂത്രണം നടത്തിയിരുന്നതായി പറയുന്നു. ഭഗവൽ സിങ്ങിന്റെ വീടിന്റെ പിൻഭാഗത്ത് വിജനമായ കാടും പറമ്പും പാടശേഖരവുമാണ്. ഇത് ആരുമറിയാതെ മൃതദേഹങ്ങൾ കുഴിച്ചിടാൻ സഹായകരമായി.
ഭഗവൽ സിങ്ങിന്റെ വീടും തിരുമൽ കേന്ദ്രവും പരിസരവും പൊലീസ് ചൊവ്വാഴ്ച സീൽ ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അടുത്തദിവസം തെളിവെടുപ്പിനെത്തിക്കും. സംഭവത്തിൽ കൂടുതൽ ആളുകളുടെ പങ്കും ഇവരുടെ പണമിടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പത്മയുടെ മൃതദേഹം ഒരു കുഴിയിൽ; റോസ്ലിയുടേത് മൂന്നിടത്ത്
കൊച്ചി: ഇലന്തൂർ നരബലി കേസിൽ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ഒരു കുഴിയിൽനിന്നും റോസ്ലിയുടേത് മൂന്ന് കുഴികളിൽനിന്നുമാണ് കണ്ടെത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു. കഷണങ്ങളായിട്ടാണ് കുഴിച്ചിട്ടത്. പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽനിന്നാണ് മറ്റൊരാളെയും ഇത്തരത്തിൽ കൊലപ്പെടുത്തിയിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. രണ്ട് മൃതദേഹങ്ങളുടെയും ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവയിൽ ഡി.എൻ.എ പരിശോധന നടത്തും. ബന്ധുക്കളുടെ സാമ്പിൾ ശേഖരിച്ചായിരിക്കും പരിശോധന. വ്യാഴാഴ്ചയാണ് പോസ്റ്റ്മോർട്ടം. അതിനുശേഷം വിശദമായ ശാസ്ത്രീയ അന്വേഷണത്തിലേക്ക് കടക്കും.
കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. ഡി.ജി.പിയുടെ നിർദേശ പ്രകാരം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് ഇരുകേസുകളും അന്വേഷിക്കുകയെന്നും കമീഷണർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.