ജോലി വാഗ്ദാനം നല്കി കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; യുവതി പിടിയില്‍
text_fieldsഓച്ചിറ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് പണം തട്ടിയെടുത്ത് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ പ്രതി പിടിയിലായി. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, പടിക്കുന്ന് ഭാഗത്ത് കളത്തുംപടിയില്‍ വീട്ടില്‍ വിനീതിന്റെ ഭാര്യ സഫ്ന (31) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.
തഴവ സ്വദേശിയായ കനീഷിന് തായ്ലന്ഡിലെ കമ്പനിയില്‍ ജോലി തരപ്പെടുത്തി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തിയ ശേഷം പലതവണകളായി 1,20,000 രൂപ കൈപ്പറ്റി. തുടര്‍ന്ന് യുവാവിനെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് തായ്ലന്ഡില് എത്തിച്ചു, അവിടെനിന്നും പ്രതികളുടെ ഏജന്റ്മാര്‍ കംമ്പോഡിയയിലെ രഹസ്യ കേന്ദ്രത്തിലേക്ക് കടത്തുകയായിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കേന്ദ്രത്തില്‍ എത്തിച്ച യുവാവിന്, ഓണ്‍ലൈന്‍ തട്ടിപ്പ് ജോലിയായിരുന്നു നല്‍കിയത്. ഈ വിവരം രക്ഷകര്‍ത്താക്കളെ അറിയിച്ചതിനെ തുടര്‍ന്ന് സഫ്നയെ ബന്ധപ്പെട്ടു. അപ്പോള്‍ യുവാവിനെ നാട്ടിലെത്തിക്കുന്നതിന് വീണ്ടും 1.5 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുക കൈപ്പറ്റിയ ശേഷം യുവാവിനെ നാട്ടിലെത്തിക്കാതെ വഞ്ചിക്കുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിക്ക് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ എംബസിയുടെ സഹായത്തോടെയാണ് യുവാവിനെ നാട്ടിലെത്തിച്ചത്. നാട്ടിലെത്തിയ യുവാവ് ഓച്ചിറ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
ഇവര്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഓച്ചിറ പൊലീസ് ഇന്‍സ്പെക്ടര്‍ സുജാതന്‍ പിളളയുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ നിയാസ്, സന്തോഷ്, സി.പി.ഒ മാരായ അനു, ശ്രീദേവി, മോഹന്‍ലാല്‍ എന്നിവര്‍ അടങ്ങിയ സംഘം മലപ്പുറം നിലമ്പൂരില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത് പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.