ഐ.സി.യു പീഡനക്കേസ്: ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യു പീഡനക്കേസിൽ പ്രതി ശശീന്ദ്രനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണ സമിതി പ്രിൻസിപ്പലിന് റിപ്പോർട്ട് സമർപ്പിച്ചു. ഫോറൻസിക് മെഡിസിൻ അസിസ്റ്റന്റ് പ്രഫസർ ഡോ. പി. പ്രിയതയായിരുന്നു എൻക്വയറി ഓഫിസർ. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സർജിക്കൽ ഐ.സി.യുവിൽ പീഡിപ്പിച്ചുവെന്ന പരാതിയിൽ ആരോപണവിധേയനായ അറ്റൻഡർ ശശീന്ദ്രൻ കുറ്റക്കാരനാണെന്ന് സമിതി കണ്ടെത്തിയതായാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി ശശീന്ദ്രൻ, അതിജീവിത, സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ, പ്രതിക്കെതിരായ മൊഴിയിൽനിന്ന് പിന്മാറാൻ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട അഞ്ചു ജീവനക്കാർ തുടങ്ങിയവരിൽനിന്ന് ഡോ. പ്രിയത വാദം കേട്ടിരുന്നു.
തുടർന്നാണ് പ്രിൻസിപ്പലിന് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് വിശദമായി പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ശശീന്ദ്രനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുക. കേസിൽ പ്രതിയായ ശശീന്ദ്രനെ നേരത്തേ മെഡിക്കൽ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് സെപ്റ്റംബർ 19ന് ഇയാളുടെ സസ്പെൻഷൻ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടി. ഭരണാനുകൂല സംഘടന നേതാവായ പ്രതിയെ സംരക്ഷിക്കാൻ മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നതായി നേരത്തേ ആക്ഷേപം ഉയരുകയും ഇത് വ്യാപക വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് അന്വേഷണം പൂർത്തിയാവുന്നതിനുമുമ്പ് കുറ്റമുക്തരാക്കി സർവിസിൽ തിരിച്ചെടുത്ത നടപടി വിവാദമായതോടെ ആരോഗ്യവകുപ്പ് ഡയറക്ടർ നേരിട്ട് ഇടപെട്ട് ഇത് റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.