ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ ശേഷം വിഗ്രഹങ്ങൾ എറിഞ്ഞുടക്കുന്നത് പതിവ്; ഒടുവിൽ പ്രതി പിടിയിൽ
text_fieldsകിളിമാനൂർ: ക്ഷേത്രങ്ങളിൽ കയറി കവർച്ച നടത്തിയശേഷം വിഗ്രഹങ്ങൾ നശിപ്പിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ, കാനാറ കിഴക്കുംകര കുന്നും പുറത്തുവീട്ടിൽ സുധീരനെ (40) യാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞമാസം 30ന് വൈകുന്നേരം കുടവൂർ കൈപ്പള്ളി നാഗരുകാവ് മാടൻനട ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയശേഷം ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങൾ ഇയാൾ എറിഞ്ഞുടച്ചു. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ പള്ളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ക്ഷേത്രപരിസരത്തുനിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന രണ്ട് ചെരിപ്പുകൾ പോലീസിന് ലഭിച്ചിരുന്നു.
തുടർന്ന് ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം നടത്തുകയും വിഗ്രഹങ്ങൾ തകർക്കുകയും ചെയ്യുന്ന പ്രതികളെപ്പറ്റിയുള്ള അന്വേഷണത്തിനിടയിൽ പ്രതിയെ കല്ലമ്പലത്ത് നിന്ന് പിടികൂടുകയായിരുന്നു. കിളിമാനൂർ, ആറ്റിങ്ങൽ, കല്ലമ്പലം പള്ളിക്കൽ സ്‌റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. 2007ൽ കിളിമാനൂർ സ്റ്റേഷനിലെ ഒരു കൊലപാതക കേസിലെ പ്രതി കൂടിയാണ് സുധീരൻ. മോഷണത്തിനായി ഉപയോഗിക്കുന്ന ആയുധങ്ങൾ പ്രതിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ എം. സഹിൽ, വിജയകുമാർ, എസ്.സി. പി.ഒ രാജീവ്, സി.പി.ഒമാരായ ഷമീർ, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതി കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.