‘ഓനെ ഇനി വെച്ചേക്കരുത്, തൂക്കിക്കൊല്ലണം’...അന്ന് മുജീബിനെ ശിക്ഷിച്ചിരുന്നെങ്കിൽ അനു കൊല്ലപ്പെടില്ലായിരുന്നുവെന്ന് മുത്തേരിയിലെ അതിജീവിത
text_fieldsകോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്മാനെ തൂക്കിക്കൊല്ലണമെന്ന് മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത. കൊണ്ടോട്ടി നെടിയിരുപ്പ് കാവുങ്ങല്‍ ചെറുപറമ്പ് കോളനിയിലെ നമ്പിലത്ത് മുജീബ് റഹ്മാന് (49) ആണ് മുക്കം മുത്തേരി സ്വദേശിനിയായ വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തശേഷം പണം കവര്‍ന്ന കേസിലെയും പ്രതി. ഹോട്ടല്‍ തൊഴിലാളിയായിരുന്ന വയോധികയെ 2020 ജൂലൈയിൽ മോഷ്ടിച്ച ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണം കവരുകയായിരുന്നു. കോവിഡ് കാലത്ത് നടന്നുപോവുകയായിരുന്ന അതിജീവിതയെ ഓമശ്ശേരിയിൽ എത്തിക്കാമെന്ന് പറഞ്ഞാണ് ഓട്ടോയിൽ കയറ്റിയത്. താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗമാണെന്ന് അതിജീവിത പറഞ്ഞു.
മുത്തേരിയിലെ കേസിൽ അറസ്റ്റിലായ മുജീബ് റഹ്മാൻ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടിരുന്നു. എന്നാൽ, കൂത്തുപറമ്പില്‍ വച്ച് പിന്നീട് പിടിയിലായി. ഈ കേസില്‍ ഒന്നരവര്‍ഷത്തോളം റിമാന്‍ഡിലായിരുന്നു. കുറ്റപത്രം കൃത്യസമയത്ത് സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകിയതിനാൽ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
വാഹനമോഷണവും ആഭരണ കവര്‍ച്ചയും പതിവാക്കിയ മുജീബ് കൊണ്ടോട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത വാഹന മോഷണ കേസില്‍ അറസ്റ്റിലായി മൂന്നു മാസംമുമ്പാണ് ജാമ്യത്തിലിറങ്ങിയത്. രാത്രി വീടുകളിൽനിന്ന് മോഷ്ടിച്ച വാഹനത്തില്‍ കറങ്ങി വഴിയാത്രക്കാരായ സ്ത്രീകളുടെ ആഭരണം കവരുകയാണ് ഇയാളുടെ രീതി. ഇത്തരത്തില്‍ 13 കേസുകള്‍ കൊണ്ടോട്ടി സ്റ്റേഷനില്‍ മാത്രമുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസർകോട്, വയനാട്, പാലക്കാട് ജില്ലകളിലായി സമാന രീതിയിലുള്ള 58 കേസുകളാണുള്ളത്.
മുത്തേരിയിലേതിന് സമാനമായ കുറ്റകൃത്യമാണ് മാർച്ച് 11ന് പേരാമ്പ്രയിലും നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച പേരാമ്പ്ര വാളൂരിലെ വീട്ടില്‍നിന്ന് ഇറങ്ങിയ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച ഉച്ചക്ക് അള്ളിയോറ താഴെ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവതിയുടെ സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സംഘം മുജീബ് റഹ്മാനിലേക്ക് എത്തിയത്. ഇരിങ്ങണ്ണൂരിലെ വീട്ടിൽനിന്ന് എത്തുന്ന ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനായി സ്വന്തം വീട്ടിൽനിന്ന് നടന്നു പോവുകയായിരുന്ന അനുവിനെ വാളൂർ നടുക്കണ്ടിപ്പാറയിൽ വച്ചാണ് പ്രതി കണ്ടത്.
മട്ടന്നൂരിൽനിന്ന് പുലർച്ചെ ബൈക്ക് മോഷ്ടിച്ചാണ് മുജീബ് റഹ്മാൻ ഇവിടെ എത്തിയത്. വാഹനം ലഭിക്കാൻ പ്രയാസമുള്ള ഇവിടെനിന്ന് തൊട്ടടുത്ത സ്ഥലത്ത് വിടാമെന്ന് പറഞ്ഞാണ് യുവതിയെ സമീപിച്ചത്. ആദ്യം കയറാൻ മടിച്ചുനിന്ന യുവതി പിന്നീട് സമീപവാസികൾ ആരെങ്കിലും ആയിരിക്കുമെന്ന് കരുതിയാകാം പ്രതിയുടെ ബൈക്കിൽ കയറിയതെന്ന നിഗമനത്തിലാണ് പൊലീസ്. സമീപത്തെ ആളൊഴിഞ്ഞ തോടിനു സമീപമെത്തിയപ്പോൾ അനുവിനെ തോട്ടിലേക്ക് തള്ളിയിട്ടു. തുടർന്ന് തല വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തി ആഭരണം കവർന്നു. യുവതി ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയിലേക്കെത്താൻ പൊലീസിന് സഹായകമായത്.
സംഭവശേഷം നെടിയിരുപ്പിലെ വീട്ടിലെത്തിയ മുജീബ് സമീപവാസിയുടെ സഹായത്തോടെ കൊണ്ടോട്ടിയിലെ സ്വര്‍ണ വ്യാപാരിക്ക് കളവുമുതല്‍ വില്പന നടത്തി. പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊണ്ടോട്ടി പൊലീസിന്റെ സഹായത്തോടെ നെടിയിരുപ്പിലെ വീട്ടില്‍നിന്ന് മുജീബിനെ പിടികൂടുകയായിരുന്നു. കവർന്ന ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.