ട്രായ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് സൈബർ തട്ടിപ്പ്; ഐ.ഐ.ടി വിദ്യാർഥിക്ക് നഷ്ടമായത് ഏഴുലക്ഷത്തിലേറെ രൂപ
text_fieldsമുംബൈ: സൈബർ തട്ടിപ്പിൽ 25 കാരനായ ബോംബെ വിദ്യാർഥിക്ക് 7.29 ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ(ട്രായ്) ഉദ്യോഗസ്ഥനെന്ന വ്യാജ്യേനയാണ് തട്ടിപ്പുകാരെത്തിയത്.
ജൂലൈയിൽ വിദ്യാർഥിക്ക് അജ്ഞാത നമ്പറിൽനിന്ന് കോൾ വന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. വിദ്യാർഥിയുടെ മൊബൈൽ നമ്പർ വഴി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതിന്റെ 17 പരാതികൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു വിളിച്ചയാൾ പറഞ്ഞത്. മൊബൈൽ നമ്പർ നിർജീവമാക്കാനായി പൊലീസിന്റെ എൻ.ഒ.സി(നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) വേണമെന്നും പറഞ്ഞു. തുടർന്ന് അയാൾ കോൾ മറ്റൊരു വ്യക്തിക്ക് കൈമാറുകയും ചെയ്തു. പൊലീസ് വേഷത്തിൽ വാട്സ് ആപ് വേഷത്തിൽ വന്നയാൾ വിദ്യാർഥിയുടെ ആധാർ നമ്പർ ചോദിച്ചു.
വിദ്യാർഥി കള്ളപ്പണം വെളുപ്പിക്കൽ നടപടികളിലെ പങ്കാളിയാണെന്നും അവകാശപ്പെട്ടു. അറസ്റ്റ് ഒഴിവാക്കാനായി 29,500 രൂപ കൈമാറണമെന്നും പറഞ്ഞു. സമ്മർദത്തിലായ വിദ്യാർഥി പണം കൈമാറി. അടുത്ത ദിവസം തട്ടിപ്പുകാരിൽ നിന്ന് വീണ്ടും കോൾവന്നു. ഇത്തവണ കൂടുതൽ പണം ആവശ്യപ്പെട്ടായിരുന്നു വിളി. തുടർന്ന് വിദ്യാർഥി തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർക്ക് നൽകി. അതുവഴി ഏഴുലക്ഷം രൂപയും നഷ്ടമായി. പണം കിട്ടിയശേഷം വിദ്യാർഥി സുരക്ഷിതനാണെന്നും ഡിജിറ്റൽഅറസ്റ്റ് നേരിടേണ്ടി വരില്ലെന്നും തട്ടിപ്പുകാർ ഉറപ്പുനൽകി.
പിന്നീട് ഡിജിറ്റൽ അറസ്റ്റിനെ കുറിച്ച് വിദ്യാർഥി ഓൺലൈനിൽ പരിശോധന നടത്തിയപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായതായി മനസിലായത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
എന്താണ് ഡിജിറ്റൽ അറസ്റ്റ്
സൈബർ തട്ടിപ്പിന്റെ മറ്റൊരു രൂപമാണിത്. തട്ടിപ്പുകാർ നിയമപാലകരോ സർക്കാർ ഉദ്യോഗസ്ഥരോ ആയി വേഷമിടുകയും ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള അന്വേഷണത്തിന്റെ കീഴിലാണെന്നു പറഞ്ഞാണ് ഇരകളെ വലയിലാക്കുന്നത്. അതിനിടെ വ്യാജ വിഡിയോ കോളുകളും മറ്റും ഇരയെ സ്വാധീനിക്കാനായി ചെയ്യും. എന്നാൽ ഒരു അന്വേഷണ ഏജൻസിയും ഇതുപോലെ ഫോണിലൂടെയും വിഡിയോ കോളിലൂടെയോ ഇത്തരം ചോദ്യം ചെയ്യലുകൾ നടത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.