അന്‍വർ എം.എൽ.എയുടെ ഭാര്യപിതാവിന്റെ അനധികൃത നിർമാണം: പൊളിക്കാൻ സമയം നീട്ടി നൽകി ഓംബുഡ്സ്മാൻ ഉത്തരവ്
text_fieldsഅരീക്കോട്: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യപിതാവ് സി.കെ. അബ്ദുല്ലത്തീഫിെൻറ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ അനധികൃത നിർമാണം പൊളിക്കാൻ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന് കൂടുതൽ സമയം അനുവദിച്ച് ഓംബുഡ്സ്മാെൻറ ഉത്തരവ്. 2022 ജനുവരി 24ന് മുമ്പ് പൂർണമായി പൊളിച്ചുനീക്കി ജനുവരി 25ന് അടുത്ത സിറ്റിങ്ങിന് ഹാജരാകണമെന്ന് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉത്തരവിട്ടു.
ഓൺലൈൻ സിറ്റിങ്ങിലാണ് ഇക്കാര്യം ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചത്. നേരേത്ത നവംബർ 30നകം അനധികൃത നിർമാണം പൊളിക്കാൻ ഉത്തരവിട്ടിരുന്നു. തുടർന്ന് നവംബർ 28നകം പൊളിച്ചുനീക്കാൻ പഞ്ചായത്ത് അബ്ദുല്ലത്തീഫിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, രണ്ട് തവണ നോട്ടീസ് അയച്ചിട്ടും താമസക്കാരനെ അറിയില്ലെന്ന് കാണിച്ച് നോട്ടീസ് മടങ്ങിയെത്തുകയായിരുന്നു.
ഇതിനാലാണ് നൽകിയ സമയത്തിനുള്ളിൽ പൊളിച്ചുനീക്കാൻ പഞ്ചായത്തിന് കഴിയാതെ വന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലും സാവകാശം തേടി. എന്നാല്‍, ഉത്തരവ് നടപ്പാക്കാൻ പെരുമാറ്റച്ചാട്ടം ബാധകമല്ലെന്ന് ഓംബുഡ്സ്മാന് വ്യക്തമാക്കി. തുടർ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ഇ.ആർ. ഓമന അമ്മാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.