യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിനതടവ്
text_fieldsതൃശൂർ: കഞ്ചാവ് വിൽപന പൊലീസില്‍ അറിയിച്ചുവെന്ന സംശയത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷവും നാല് മാസവും കഠിനതടവ്. ചേറ്റുപുഴ പള്ളത്ത് വീട്ടില്‍ ഷിബിനെ (27) ആണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ അസി. സെഷന്‍സ് കോടതി ജഡ്ജ് രാജീവന് വാച്ചാല് ശിക്ഷിച്ചത്. 2022 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ പോവുകയായിരുന്ന ചേറ്റുപുഴ സ്വദേശി അതുല്‍ രാജിനെയാണ് ഷിബിന്‍ തടഞ്ഞ് നിര്‍ത്തി കഴുത്തിന് കത്തി വീശി വധിക്കാന്‍ ശ്രമിച്ചത്. അതുല്‍ രാജ് ഓടി സുഹൃത്തിന്റെ വീട്ടില്‍ കയറി കതകടച്ചാണ് രക്ഷപ്പെട്ടത്.
അയല്‍വാസിയായ ബന്ധുവിനെ കൊലപ്പെടുത്തിയതടക്കം 11ഓളം കേസുകളില്‍ ഷിബിന്‍ പ്രതിയാണ്. തൃശൂര്‍ വെസ്റ്റ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.എന്‍. വിജയനാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടർ കെ.സി ബൈജു പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ആദ്യഘട്ടത്തില്‍ ഹാജരായത് അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായ ജോണ്സണ് ടി തോമസും തുടര്‍ന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലാജു ലാസര്‍ എം, അഡ്വ. പ്രവീണ എന്നിവരും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.