പഴയ ചെമ്പ് പട്ടയങ്ങളിലും കൃത്രിമം: മൂന്നാറില്‍ ഭൂവിഷയം കൂടുതല്‍ സങ്കീര്‍ണമാകുന്നു
text_fieldsഅടിമാലി: സര്‍ക്കാര്‍ ഭൂമി കൈയേറ്റത്തില്‍ കുപ്രസിദ്ധമായ ദേവികുളം താലൂക്കിൽ ഭൂവിഷയങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. പലരും കൈവശംവെച്ചിരിക്കുന്ന പട്ടയങ്ങളില്‍ യഥാർഥ അവകാശികളായി കാണിച്ചിരിക്കുന്നവരില്‍ അജ്ഞാതരും ഉൾപ്പെടുന്നു.
സര്‍ക്കാര്‍ റദ്ദാക്കാൻ തീരുമാനിച്ച രവീന്ദ്രന്‍ പട്ടയങ്ങളിലടക്കം അജ്ഞാതര്‍ വന്നത് റവന്യൂ വകുപ്പിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പഴയ ചെമ്പ് പട്ടയങ്ങളില്‍ വരെ കൃത്രിമം നടത്തിയതായും സംശയമുണ്ട്. വന്‍കിടക്കാരായ റിസോര്‍ട്ടുകാരുടെയും എലത്തോട്ട ഉടമകളുടെയും കൈവശങ്ങളിലാണ് അജ്ഞാതരായ ഭൂ ഉടമകള്‍ ഉള്ളത്.
ഇത്തരം പട്ടയങ്ങളില്‍ വന്‍കിട റിസോര്‍ട്ടുകള്‍ വരെ പ്രവർത്തിക്കുന്നുണ്ടത്രെ. കെ.ഡി.എച്ച്, പള്ളിവാസല്‍, വട്ടവട, ആനവിരട്ടി, വില്ലേജുകളിലാണ് ഇത്തരത്തില്‍ കൂടുതല്‍ പട്ടയങ്ങളുള്ളത്. ഇപ്പോള്‍ പട്ടയഭൂമി കൈവശമുള്ളവരോട് പഴയ പട്ടയവസ്തു ഉടമയെയോ ബന്ധുക്കളെയോ തിരക്കിയാല്‍ കൈമലര്‍ത്തുന്ന സ്ഥിതിയാണെന്നാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇത്തരത്തില്‍ ഒരന്വേഷണം നടത്തിയാല്‍ വ്യാജ പട്ടയങ്ങളെക്കുറിച്ച് വേഗത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ സാധിക്കും. അടിമാലി വൃന്ദാവന്‍ ലോഡ്ജില്‍ നിര്‍മിക്കപ്പെട്ട വൃന്ദാവന്‍ പട്ടയവും പള്ളിവാസല്‍ വില്ലേജില്‍ നിര്‍മിക്കപ്പെട്ട രാമന്‍കുട്ടി പട്ടയങ്ങളും വട്ടവടയില്‍ 1996ല്‍ മുന്‍ എല്‍.എ തഹസില്‍ നല്‍കിയ പട്ടയങ്ങളും രവീന്ദ്രന്‍ പട്ടയങ്ങള്‍ക്ക് സമാനമാണ്. കെ.ഡി.എച്ച്. വില്ലേജിെൻറ ആകെ വിസ്തീര്‍ണം നിലവിലെ മാങ്കുളം വില്ലേജിെൻറ 26590.35 ഏക്കര്‍ ഉൾപ്പെടെ 1,37,606 ഏക്കര്‍ നാല് സെന്‍റാണ്. 1971ലെ ലാൻഡ് കണ്ണന്‍ദേവന്‍ ഹില്‍സ് റിസംപ്ഷന്‍ ഓഫ് ലാൻഡ്ആക്ട് പ്രകാരം മുഴുവന്‍ ഭൂമിയും സര്‍ക്കാറില്‍ നിക്ഷിപ്തവുമാണ്. കെ.ഡി.എച്ച് ആക്ട് പ്രകാരം ഭൂമിപതിവ് നടപടി നടത്തേണ്ടത് കലക്ടറാണ്. എന്നാല്‍, ഈ ഭൂമിയില്‍ ഭൂരിഭാഗവും ഇപ്പോള്‍ വന്‍കിടക്കാരുടെ കൈകളിലാണ്. രവീന്ദ്രന്‍ പട്ടയ ഭൂവുടമകളില്‍ ചിലര്‍ കോടതിയെ സമീപിച്ചതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.