തമിഴ്നാട്ടിൽ കാണാതായ 10ാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ
text_fieldsകോയമ്പത്തൂർ: തമിഴ്നാട്ടിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ. കോയമ്പത്തൂർ ശിവാനന്ദപുരം സ്വദേശിയായ 10ാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹമാണ് കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തിയത്.
ഡിസംബർ 11നാണ് 15കാരിയെ കാണാതാകുന്നത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞദിവസം വേൽമുരുകൻ നഗറിലെ അഴുക്കുചാലിന് സമീപത്തുനിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന് പ്രദേശവാസികൾ കോയമ്പത്തൂർ കോർപറേഷനോട് പരാതി പരഞ്ഞിരുന്നു. തുടർന്ന് ശുചീകരണ പ്രവർത്തകരെത്തി പ്രദേശം വൃത്തിയാക്കുന്നതിനിടെയാണ് പ്രദേശത്ത് ചാക്കുകെട്ടിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. അഴുകി തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പെൺകുട്ടി ബലാത്സംഗത്തിന് വിധേയമായിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. പോസ്റ്റ്മോർട്ടം പരിശോധനക്ക് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
അമ്മക്കും മുത്തശ്ശിയും സഹോദരിക്കുമൊപ്പം ശിവാനന്ദപുരത്തായിരുന്നു പെൺകുട്ടിയുടെ താമസം. നിർമാണ തൊഴിലാളിയാണ് പെൺകുട്ടിയുടെ അമ്മ. സഹോദരി ഒരു ടെക്സ്റ്റൈൽ കടയിലും ജോലിചെയ്യുകയാണ്.
ശനിയാഴ്ച പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ശനിയാഴ്ച രാവിലെ 10.30ക്ക് വീടിന് മുമ്പിൽനിന്ന് പെൺകുട്ടി ഫോണിൽനിന്ന് സംസാരിക്കുന്നതായി പ്രദേശത്തെ മൊബൈൽ ഷോപ്പ് ഉടമ പറഞ്ഞിരുന്നു. കേസ് അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘത്തെയും പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നിയോഗിച്ചിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നിരവധി സംഘടനകൾ പ്രതിഷേധവുമായി മെഡിക്കൽ കോളജിന് മുമ്പിൽ തടിച്ചുകൂടിയിരുന്നു. പെൺകുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.