ഗൃഹനാഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേർ കൂടി അറസ്റ്റില്‍
text_fieldsകൊണ്ടോട്ടി: ഒളവട്ടൂര്‍ പുതിയേടത്ത് പറമ്പ് സ്വദേശി കോട്ടക്കോട്ടുമ്മല് പള്ളിയാളി കുന്നത്തൊടി മൂസയെ (52) സംഘം ചേര്‍ന്ന് ആയുധങ്ങളുപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ മൂന്ന് പ്രതികളെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മൂസയുടെ സഹോദരന്മാരായ വീരാന്‍കുട്ടി, മുഹമ്മദ്, മുഹമ്മദിന്റെ മകന് സുഹൈല്‍ എന്നിവരെയാണ് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.സി. ബാബു തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതിനും വധശ്രമത്തിനുമാണ് കേസ്. പ്രതികളെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
2023 നവംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. കാടുവെട്ടിയിലെ സ്വന്തം സ്ഥലത്ത് കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കെ സ്വന്തം സഹോദരന്മാരും അവരുടെ മക്കളും പ്രദേശത്തെ ക്വാറി മാഫിയയിലെ അംഗങ്ങളുമടക്കം എട്ടംഗ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചെന്നാണ് മൂസയുടെ പരാതി. പ്രായപൂര്‍ത്തിയാകാത്ത മകനു മുന്നില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മൂസയെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൈകാലുകളുടെ എല്ലുകള്‍ പൊട്ടുകയും മാരക മുറിവുകളേൽക്കുകയും ചെയ്ത മൂസ നാല് മാസത്തോളമായി വിശ്രമത്തിലാണ്. സംഭവ ദിവസം തന്നെ മൂസയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് കേസെടുത്ത കൊണ്ടോട്ടി പൊലീസ് ഇപ്പോള്‍ അറസ്റ്റിലായ വീരാന്‍കുട്ടിയുടെ മക്കളായ റഷീദ്, റസാഖ്, റഫീഖ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍, പൂര്‍ണ ബോധത്തിലല്ലാതിരുന്ന തന്നില്‍നിന്ന് ഏതാനും വിവരങ്ങള്‍ മാത്രം ശേഖരിച്ചാണ് പൊലീസ് കേസെടുത്തതെന്നും സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയെത്തിയ ശേഷം വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും കേസിലെ മറ്റുള്ളവരെക്കൂടി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പൊലീസുമായി ബന്ധപ്പെട്ടെങ്കിലും പരിക്കേറ്റ് കിടപ്പിലായ തന്നോട് നേരിട്ട് സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞതെന്ന് ആരോപിച്ച് മൂസ രംഗത്തെത്തിയിരുന്നു.
പ്രദേശത്തെ മണ്ണ് മാഫിയക്കെതിരെ നേരത്തെ നല്കിയ പരാതിയുടെ വൈരാഗ്യത്തിലാണ് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തനിക്കെതിരെ ആക്രമണമുണ്ടായതെന്നും ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളുമടങ്ങുന്ന കുടുംബം പേടിയോടെയാണ് കഴിയുന്നതെന്നും ചൂണ്ടിക്കാട്ടി 2023 നവംബർ 21ന് മൂസ നാട്ടൊരുമ പൗരാവകാശ സമിതി പ്രവര്‍ത്തകരുടെ സഹായത്തോടെ ആംബുലന്‍സില്‍ ജില്ല ആസ്ഥാനത്തെത്തി ജില്ല കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നല്കി.
നവംബര്‍ 29ന് കൊണ്ടോട്ടിയില്‍ നടന്ന നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്കും മൂസയുടെ കുടുംബം പരാതി നല്‍കിയിരുന്നു. എന്നിട്ടും അന്വേഷണം കാര്യക്ഷമമാകാത്തതിനെ തുടര്‍ന്ന് പൊലീസില്‍നിന്ന് നീതി ലഭിക്കില്ലെന്ന് കാണിച്ച് ഹൈകോടതിയിലും പരാതി നല്കി. ഇതിനു ശേഷമാണ് കേസന്വേഷണ ചുമതല കൊണ്ടോട്ടി പൊലീസില്‍നിന്ന് മാറ്റി ജില്ല ക്രൈബ്രാഞ്ച് ഡിവൈ.എസ്.പിയെ ഏൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.