തീരദേശ മേഖലയിൽ അക്രമത്തിെൻറ വലയെറിഞ്ഞ് മയക്കുമരുന്ന് മാഫിയ
text_fieldsതുറവൂർ: ഒരു ഇടവേളക്ക് ശേഷം വീണ്ടും തീരദേശ മേഖലയിൽ കഞ്ചാവ് മയക്കുമരുന്ന് സംഘത്തിെൻറ വിളയാട്ടം. എഴുപുന്ന മേഖലയിലും കഴിഞ്ഞ ദിവസം പരസ്യമായ മയക്കുമരുന്ന് ഉപയോഗം ചോദ്യംചെയ്തതിന് ഒരു യുവാവിനെ വെട്ടിയതാണ് ഒടുവിലത്തെ സംഭവം. പള്ളിത്തോട് ചാപ്പക്കടവിൽ കഴിഞ്ഞ ദിവസം കഞ്ചാവ് സംഘം ബൈക്ക് യാത്രികരെ ആക്രമിക്കുകയും പരിക്കേൽപിക്കുകയും ചെയ്തിരുന്നു. യാത്രക്കാരെ അകാരണമായി തടഞ്ഞുനിർത്തുകയും മർദിക്കുകയും ചെയ്യുന്നത് പതിവായി മാറിയിരിക്കുകയാണ്. ചാപ്പക്കടവ് കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് സംഘമാണ് പ്രവർത്തിക്കുന്നത്. പ്രദേശത്തെ ജനങ്ങളുടെ സമാധാന ജീവിതം നശിപ്പിക്കുന്ന രീതിയിലാണിത്. കഴിഞ്ഞവർഷം ഈ സംഘം ഒരു ബൈക്ക് യാത്രികനെ ഇത്തരത്തിൽ ആക്രമിച്ചതിനെ തുടർന്ന് പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞിരുന്നു.
എന്നാൽ, ഈ സംഭവത്തിൽ കുത്തിയതോട് പൊലീസ് ശക്തമായ നടപടി സ്വീകരിക്കാത്തതാണ് വീണ്ടും അക്രമങ്ങൾക്ക് കാരണമാകുന്നത്. മാസങ്ങൾക്ക് മുമ്പ് ഈ സംഘത്തിലെ തന്നെ ഒരാൾ വെട്ടേറ്റ് മരിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചതിനുശേഷം ജ്യേഷ്ഠൻ അനിയനെ തലക്ക് വെട്ടുകയായിരുന്നു. പള്ളിത്തോട്, അന്ധകാരനഴി മേഖലയിലും സമാന സ്ഥിതിയാണ്. പകലും -രാത്രിയും സാധാരണക്കാർക്ക് റോഡിലൂടെയും ഇടറോഡുകളിലൂടെയും സഞ്ചരിക്കാൻ പറ്റുന്നില്ല. പശ്ചിമകൊച്ചി മേഖലയിൽനിന്നാണ് തീരദേശമായ ചെല്ലാനം, പള്ളിത്തോട്, അന്ധകാരനഴി, മേഖലയിലേക്ക് കഞ്ചാവും മയക്കുമരുന്നും എത്തുന്നത്. എക്സൈസും പൊലീസും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.