യാചകരുടെയും നാടോടികളുടെയും മറവിൽ ടൗണിൽ കുറ്റവാളികൾ വിഹരിക്കുന്നു
text_fieldsആലുവ: യാചകരുടെയും നാടോടികളുടെയും മറവിൽ നഗരത്തിൽ അന്തിയുറങ്ങുന്ന കുറ്റവാളികൾ തലവേദനയാകുന്നു. ബൈപാസ് മേൽപാലത്തിന് കീഴിൽ അധിവസിക്കുന്ന സാമൂഹിക ദ്രോഹികളാണ് പലപ്പോഴും അക്രമകാരികളായി മാറുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ കുറ്റവാളികൾ പിടിച്ചുപറിയും വാഹനങ്ങളിൽനിന്നും മറ്റും മോഷണങ്ങളും നടത്തുന്നുണ്ട്. ഭിക്ഷയെന്ന പേരിൽ കടകളിൽനിന്ന് നിർബന്ധിത പണപ്പിരിവിന് ശ്രമിക്കുന്നത് ആലുവയിൽ ആക്രമണത്തിൽ കലാശിക്കുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പിരിവ് നൽകാത്തതിന് ബൈപാസ് കവലയിൽ ഒരാൾ കടയുടമകളെ അസഭ്യം പറഞ്ഞ് ആക്രമണത്തിന് ശ്രമിച്ചിരുന്നു. തുടർന്ന് ഇയാളെ കടയുടമകൾ വടിയെടുത്ത് വിരട്ടി ഓടിക്കുകയായിരുന്നു. ഇതുകണ്ട്, വഴിയാത്രികരിൽ ചിലർ പ്രശ്നത്തിൽ ഇടപെട്ടത് വ്യാപാരികളുമായി സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. അടുവാശ്ശേരി സ്വദേശി ഷൈൻ, എടയപ്പുറം സ്വദേശി അൽതാഫ്, അശോകപുരം സ്വദേശി അഭിരാം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വ്യാപാരികളെ അറസ്റ്റ് ചെയ്തതായി സി.ഐ അനിൽകുമാർ പറഞ്ഞു. അജി, റഷീദ്, അബ്ദുൽ റസാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. വഴിയാത്രക്കാർ കാര്യമെന്തെന്ന് അന്വേഷിക്കാതെ തങ്ങളെ ആക്രമിക്കാൻ വരുകയായിരുന്നെന്നാണ് വ്യാപാരികൾ പറയുന്നത്.
നടപടിയില്ലാത്തത് അക്രമികൾക്ക് വളമാകുന്നു
ആലുവ: മദ്യ, മയക്കുമരുന്ന്, ഭിക്ഷാടന, ക്വട്ടേഷൻ മാഫിയയുടെ ആലുവയിലെ കേന്ദ്രമാണ് ബൈപാസ് മേൽപാലത്തിന്റെ അടിവശമെന്ന് അറിയാമെങ്കിലും അത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ അധികാരികൾ തയാറാകുന്നില്ല. നഗരസുരക്ഷയുടെ കാര്യത്തിൽ നഗരസഭ അധികൃതരും അനാസ്ഥ തുടരുകയാണ്. മാർക്കറ്റ് പരിസരം, അടിപ്പാത, ബസ് സ്റ്റാൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ കവർച്ചയും മോഷണവും പതിവാണ്. കുറച്ചുദിവസം മുമ്പ് ബസ് സ്റ്റാൻഡിൽനിന്ന് യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമം നടന്നിരുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകർ ഈ ദൃശ്യം പകർത്താൻ ശ്രമിച്ചപ്പോൾ പൊലീസ് എതിർക്കുകയും അവരോട് തട്ടിക്കയറുകയുമാണ് ചെയ്തത്. കേസ് ഒതുക്കിത്തീർക്കാനാണ് ഇത്തരത്തിൽ പെരുമാറിയതെന്നാണ് ആക്ഷേപം. പിന്നീട് ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചെങ്കിലും ഈ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. അതിന് തൊട്ടുമുമ്പുള്ള ദിവസം ഈ ഭാഗത്ത് വാഹനത്തിൽനിന്ന് ബാറ്ററി മോഷ്ടിച്ചയാളെ പിടികൂടിയെങ്കിലും പ്രതിയെ വിട്ടയച്ച് പൊലീസ് ബാറ്ററിയുമായി പോവുകയായിരുന്നെന്ന് ആക്ഷേപമുണ്ട്.
കർശന നടപടിയെടുക്കും-സി.ഐ
ആലുവ: മാർക്കറ്റ്, ബസ് സ്റ്റാൻഡ് പരിസരങ്ങളിലെ അക്രമികളെയും മോഷ്ടാക്കളെയും അമർച്ച ചെയ്യുമെന്ന് ആലുവ സി.ഐ അനിൽകുമാർ പറഞ്ഞു. യാചകരുടെയും മറ്റും മറവിലാണ് ഇവർ തങ്ങുന്നതെന്നതിനാൽ ഇവരെ കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം യഥാർഥ ഭിക്ഷക്കാർക്കെതിരെ ഉപദ്രവിച്ചെന്ന പേരിൽ മനുഷ്യാവകാശ പ്രശ്നമടക്കമുള്ള നടപടികൾ നേരിടേണ്ടിവരും. ലഹരി സംഘങ്ങളെ കണ്ടെത്തി വൈദ്യ പരിശോധനയടക്കം നടത്തിവേണം നടപടിയെടുക്കാനെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.