യു.പി സ്കൂളിൽ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ വിളിച്ചുവരുത്തി 10ാംക്ലാസ് വിദ്യാർഥിനികളെ ബലാത്സംഗം ചെയ്തതായി പരാതി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ സ്കൂളിൽ വിദ്യാർഥിനികളെ സ്കൂൾ അധികൃതർ ബലാത്സംഗം ചെയ്തു. പത്താം ക്ലാസ് വിദ്യാർഥിനികളായ 17 പേരെയാണ് അധ്യാപകനും സ്കൂൾ ഉടമയും ചേർന്ന് ബലാത്സംഗം ചെയ്തത്. നവംബർ 17ന് മുസഫർനഗറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.
സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ 17 വിദ്യാർഥിനികളോട് രാത്രി സ്കൂളിൽ നിൽക്കാൻ പ്രതികൾ ആവശ്യപ്പെടുകയായിരുന്നു. വിദ്യാർഥിനികൾക്ക് നൽകിയ ഭക്ഷണത്തിൽ മയക്കുഗുളിക കലർത്തുകയും ശേഷം സ്കൂൾ ഉടമ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തൊട്ടടുത്ത ദിവസമാണ് കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയച്ചത്.
സംഭവം പുറത്തുപറഞ്ഞാൽ കുട്ടികളെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പാവപ്പെട്ട കുടുംബത്തിലെ വിദ്യാർഥികളാണ് എല്ലാവരും.
രണ്ടു പെൺകുട്ടികളുടെ മാതാപിതാക്കൾ പുർകാസി എം.എൽ.എയായ പ്രമോദ് ഉദ്വാളിന്റെ അടുത്ത് പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എം.എൽ.എ മുതിർന്ന പൊലീസ് സൂപ്രണ്ട് അഭിഷേക് യാദവിനെ വിവരം അറിയിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. നിരവധി തവണ പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചിട്ടും കേസെടുക്കാത്തതിനാലാണ് എം.എൽ.എയെ സമീപിച്ചതെന്ന് കുടുംബം പറഞ്ഞു.
സ്കൂളിന്റെ ഉടമക്കെതിരെയും പ്രാക്ടിക്കൽ പരീക്ഷക്ക് വിളിച്ചുവരുത്തിയ അധ്യാപകനെതിരെയും കേസെടുത്തു. ഇതിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിൽ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.