മൂന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവം; പ്രതി വലയിലെന്ന് പൊലീസ്
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പിന് സമീപത്തെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ സ്കൂട്ടിയിലെത്തി മൂന്ന് സ്ത്രീകളുടെ സ്വർണമാല കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മാല പിടിച്ചുപറിച്ചയാൾ ഉടൻ വലയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
ശനിയാഴ്ച വൈകീട്ട് തളിപ്പറമ്പിലെ മൂന്ന് സ്ഥലങ്ങളിലായി ഒരു മണിക്കൂറിനിടയിൽ നടന്ന പിടിച്ചുപറിയിൽ എട്ട് പവനോളം സ്വർണമാണ് നഷ്ടപ്പെട്ടത്. വൈകീട്ട് 4.30ഓടെ ചെപ്പനൂലിലെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഇ. ശാന്തയുടെ മൂന്നേകാൽ പവൻ മാല വടക്കാഞ്ചേരി അടുക്കത്ത് വെച്ചാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങളിൽ വ്യക്തത കൈവരുന്നതിനിടയിലാണ് അഞ്ച് മണിയോടെ തൃച്ചംബരം മുയ്യം റോഡിൽ നടക്കാനിറങ്ങിയ ഉമാ നാരായണൻ എന്നിവരുടെ മൂന്നു പവൻ മാല പാലകുളങ്ങര ശാസ്താ റോഡിൽ വെച്ചും വീടുപണി നടക്കുന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന എം. ജയമാലിനിയുടെ രണ്ട് പവൻ മാല 5.20ഓടെ കീഴാറ്റൂരിൽ വെച്ചും സമാനരീതിയിൽ പൊട്ടിച്ചുകൊണ്ടുപോയ സംഭവം പുറത്തുവരുന്നത്.
മൂന്നിടങ്ങളിലും പിൻവശത്ത് ചുവപ്പും മുന്നിൽ വെളുപ്പും നിറത്തിലുള്ള സ്കൂട്ടിയിൽ വന്നയാളാണ് മാല പൊട്ടിച്ചതെന്ന് മാല നഷ്ടപ്പെട്ട സ്ത്രീകൾ പൊലീസിനോട് പറഞ്ഞു. മുടി നീട്ടിവളർത്തിയ മോഷ്ടാവ് പച്ചനിറത്തിലുള്ള ഹെൽമറ്റ് ധരിച്ചിരുന്നു.
പൊലീസിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ, വാഹനത്തിന്റെ നമ്പർ, മാല നഷ്ടപ്പെട്ട സ്ത്രീകളുടെ മൊഴി, നാട്ടുകാർ നൽകിയ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടാനാണ് പൊലീസിന്റെ ശ്രമം. സ്കൂട്ടിയുടെ നമ്പർ ഉൾപ്പെടെ നിർണായകവിവരങ്ങൾ ലഭിച്ചതായാണ് സൂചന. ശനിയാഴ്ച ഉച്ച 12.30ഓടെ പാപ്പിനിശ്ശേരി വേളാപുരം നരയൻകുളത്തും സ്കൂട്ടിയിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.