സംരംഭകയിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ട സംഭവം: നടപടി തുടങ്ങി
text_fieldsപള്ളുരുത്തി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ ഫ്ലവർ മിൽ തുടങ്ങാനിറങ്ങിയ പെരുമ്പടപ്പ് ബംഗ്ലാപറമ്പിൽ മിനി ജോസിയിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ നടപടി തുടങ്ങി.
ശുചീകരണ ജീവനക്കാരനായ സേവ്യറിനെ സസ്പെൻഡ് ചെയ്യാനും ഓഫിസ് മര്യാദകൾക്ക് നിരക്കാത്ത നിലയിൽ പ്രവർത്തിച്ച ക്ലർക്ക് ജിതിനെ സെക്ഷനിൽനിന്നും മാറ്റുന്നതിനും മേയർ സെക്രട്ടറിയോട് ഉത്തരവിട്ടു. ഡെപ്യൂട്ടി സെക്രട്ടറി അന്വേഷണ റിപ്പോർട്ട് മേയർക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദ അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കുമെന്ന് മേയർ വ്യക്തമാക്കി.
സേവ്യറിനെ കുറിച്ച് നിരവധി പരാതികളാണ് പുറത്തുവരുന്നത്. ശുചീകരണ ജീവനക്കാരനാണെങ്കിലും ഓഫിസർ എന്ന നിലയിലാണ് ഇയാളുടെ പ്രവർത്തനം. മറ്റ് കൈക്കൂലിക്കാർക്കുള്ള വിഹിതം ഇയാളുടെ കൂടെ ചേർത്ത് വാങ്ങുകയാണ് പതിവെന്നാണ് ആരോപണം. പള്ളുരുത്തി നഗരസഭ സോണൽ ഓഫിസിലെ കൈക്കൂലി പ്രശ്നങ്ങൾ സംബന്ധിച്ച് ഇതിന് മുമ്പും പരാതികൾ ഉയർന്നിരുന്നെങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
അതേ സമയം സംഭവത്തിൽ മന്ത്രി പി.രാജീവിന്റെ ഇടപെടൽ പരാതിക്കാരി മിനി ജോസിക്ക് ആശ്വാസകരമായിട്ടുണ്ട്. രണ്ടു ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്നും സംരംഭം ഉപേക്ഷിക്കരുതെന്നുമാണ് മന്ത്രി മിനിക്ക് നൽകിയിരിക്കുന്ന ഉറപ്പ്. അതു പ്രകാരം കാര്യങ്ങൾ മുന്നോട്ട് പോകുന്നുണ്ടെന്ന് മിനി പറഞ്ഞു. കുവൈത്തിൽ 14 വർഷം ജോലി ചെയ്ത മിനി കോവിഡ് കാലത്ത് ജോലി നഷ്ടമായതിനെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയത്.
നേരത്തേ വീട്ടുകാർ ഫ്ലവർ മിൽ നടത്തിയിരുന്നതിനാലാണ് പ്രായമായ മാതാപിതാക്കളുടെയും തന്റെയും ഉപജീവനത്തിനായി അതേസംരഭം തന്നെ തുടങ്ങാൻ തീരുമാനിച്ചത്.
യു.ഡി.എഫ് കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചു
കൊച്ചി: പള്ളുരുത്തി സോണൽ ഓഫിസിൽ അപേക്ഷയുമായി എത്തിയ പ്രവാസി യുവതിയിൽനിന്ന് നഗരസഭ ഉദ്യോഗസ്ഥർ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്ന് ആരോപണത്തിന് വിധേയനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. അന്വേഷണം നടത്താൻ ഡെപ്യൂട്ടി സെക്രട്ടറിയെയും റവന്യൂ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയെന്ന് സെക്രട്ടറി അറിയിച്ചു. എന്നാൽ, പരാതിക്കാരിയുടെ ആരോപണത്തിൽ സംശയനിഴലിൽ നിൽക്കുന്ന ഉദ്യോഗസ്ഥരെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത് കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടിയാണെന്നും സെക്രട്ടറി നേരിട്ട് വിഷയം അന്വേഷിക്കണമെന്നും യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.
ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുമെന്ന ഉറപ്പിൽ ഉപരോധം പിൻവലിച്ചു. പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, എം.ജി. അരിസ്റ്റോട്ടിൽ, എ.ആർ. പദ്മദാസ്, സക്കീർ തമ്മനം, ബസ്റ്റിൻ ബാബു, മിന്നാ വിവേര, മാലിനി കുറുപ്പ്, ഷീബ ദുരോം, ശാന്ത വിജയൻ, ബെൻസി, രജനി മണി, ടിബിൻ ദേവസ്യ, മനു ജേക്കബ്, സോണി ജോസഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.