ദേശീയപാതയിൽ യുവാക്കൾ മരിച്ച സംഭവം: ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം
text_fieldsപാലക്കാട്: ദേശീയപാതയിൽ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം വഴിമുട്ടി. ബസിലെ കണ്ടക്ടർ, അപകടം നടന്ന സ്ഥലത്തെ റസ്റ്റോറൻറ് എന്നിവിടങ്ങളിൽ നിന്ന് സംഘം മൊഴിയെടുത്തു. അപകടത്തിന് ദൃക്സാക്ഷികളെന്ന് കരുതുന്ന ബസിലെ യാത്രക്കാർ അന്വേഷണ സംഘം മുമ്പാകെ എത്താത്തതാണ് വഴിമുട്ടാൻ കാരണം. 22 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരെ കണ്ടെത്തി മൊഴിയെടുക്കാൻ ബസ് സഞ്ചരിച്ച സമീപത്തെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിതായി സംഘം പറഞ്ഞു.
ദേശീയപാത ചിതലി വെള്ളപ്പാറയിൽ ഫെബ്രുവരി ഏഴിന് രാത്രിയാണ് കാവശ്ശേരി ഈടുവെടിയാൽ ഷീജാ നിവാസ് മോഹനന്റെ മകൻ ആദർശ് മോഹൻ (23), സുഹൃത്തായ കാസർകോട് ആഞ്ഞൂർ ആനന്ദാശ്രമം കാളിക്കടവ് ഉദയംകുന്നിൽ കെ. തമ്പാന്റെ മകൻ കെ. സബിത്ത് (26) എന്നിവർ മരിച്ചത്. വലതുവശത്തുകൂടി പോകുന്ന ലോറിയെ ബൈക്കിൽ മറികടിക്കുന്നതിനിടെ പിറകിൽ വന്ന കെ.എസ്.ആർ.ടി.സിയുടെ പിൻവശം ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു. ലോറിയ്ക്കും ബസിനുമിടയിൽ കുടുങ്ങിയ ബൈക്ക് യാത്രികർ സംഭവ സ്ഥലത്തവെച്ചു തന്നെ മരിച്ചു. ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ചാണ് യുവാക്കൾ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ അപകടത്തിൽപെട്ട വാഹനങ്ങൾക്ക് പിന്നിൽ വന്നിരുന്ന കാറിന്റെ മുൻ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് അപകടത്തെ കുറിച്ച് വ്യക്തത ലഭിച്ചത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് യുവാക്കൾ മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവര്‍ വടക്കഞ്ചേരി ഡിപ്പോയിലെ തൃശൂർ പീച്ചി സ്വദേശി ഔസേപ്പിനെ (50) കുഴൽമന്ദം പോലീസ് അറസ്റ്റ് ചെയത് ജ്യാമത്തില്‍ വിട്ടിരുന്നു.
സംഭവത്തിൽ ആദ്യം കേസ് അന്വേഷിച്ച കുഴൽമന്ദം പൊലീസ് ദുർബലപ്പെടുത്തിയെന്നും മനപൂർവ്വമുള്ള നരഹത്യക്ക് കേസെടുക്കാത്തതിൽ ദുരൂഹതയെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവം വിവാദമായതോടെ ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. എം. സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.