ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൈബർ ആക്രമണ ഭീഷണിയിലെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും കേന്ദ്രീകരിച്ചുള്ള സൈബർ ആക്രമണ ഭീഷണിയിൽ എറ്റവും മുന്നിൽ ഇന്ത്യയെന്ന് റിപ്പോർട്ട്. യു.എസ്, യു.കെ, ഇന്തോനേഷ്യ, ബ്രസീൽ എന്നിവയാണ് തൊട്ടുപിന്നിൽ. കോവിഡ് മഹാമാരി സമയത്തെ വിദൂരവിദ്യാഭ്യാസം, വിദ്യാഭ്യാസ ഡിജിറ്റലൈസേഷൻ, ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകളുടെ വ്യാപനം എന്നിവയാണ് ഭീഷണി കൂട്ടിയതെന്നും റിപ്പോർട്ട് പറയുന്നു. 2021നെ അപേക്ഷിച്ച് 2022ലെ ആദ്യ മൂന്ന് മാസങ്ങളിൽ ആഗോള വിദ്യാഭ്യാസ മേഖലയിലെ സൈബർ ഭീഷണികൾ 20 ശതമാനം വർധിച്ചു. സിംഗപ്പൂർ ആസ്ഥാനമായ ഡിജിറ്റൽ റിസ്ക് മാനേജ്മെന്റ് സംരംഭമായ ക്ലൗഡ് സെകിന്റെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. കഴിഞ്ഞ വർഷം ഏഷ്യ- പസഫിക്കിലെ ഭീഷണികളിൽ 58 ശതമാനവും ലക്ഷ്യമിട്ടത് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളെയുമാണ്.
ഐ.ഐ.എം കോഴിക്കോട്, തമിഴ്നാട്ടിലെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. രണ്ടാമത് ഇന്തോനേഷ്യയാണ്. ആഗോള തലത്തിൽ രണ്ടാംസ്ഥാനത്തുള്ള യു.എസിൽ 19 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 86 ശതമാനവും വടക്കേ അമേരിക്കയിലാണ്. ഹോവാർഡ് യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയ തുടങ്ങിയവയിലെ പണം ലക്ഷ്യമിടുന്ന റാൻസംവെയർ ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ചോർന്ന വിവരശേഖരങ്ങളിൽ വിദ്യാർഥികളെയും കുടുംബങ്ങളെയും വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങളുണ്ട്. പേര്, ജനനത്തീയതി, ഇ-മെയിൽ, ഫോൺ നമ്പർ, വിലാസം, യോഗ്യത, പരീക്ഷ ഫലങ്ങൾ, മാർക്ക് എന്നിവയാണ് ചോർന്നത്.
വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ജീവനക്കാരും സംശയാസ്പദ ഇ-മെയിലുകളും സന്ദേശങ്ങളും ലിങ്കുകളും ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. അറിയാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ പാടില്ല. ശക്തമായ പാസ്വേഡുകൾ ഉപയോഗിക്കുക, അക്കൗണ്ടുകളിൽ മൾട്ടി-ഫാക്ടർ ഓതന്റിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കാനും മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.