നൂറിലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത ജിലേബി ബാബക്ക് 14 വർഷം തടവ്
text_fieldsപ്രശ്നപരിഹാരത്തിനും മറ്റുമായി തന്നെ സമീപിക്കുന്ന നൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച സ്വയംപ്രഖ്യാപിത ആൾദൈവമായ അമർപുരിക്ക് 14 വർഷം തടവ് ശിക്ഷ. ജിലേബി ബാബ എന്ന പേരിലാണ് അമർപുരി അറിയപ്പെടുന്നത്. സ്ത്രീകളെ മയക്കുമരുന്ന് നൽകിയാണ് ജിലേബി ബാബ ബലാത്സംഗം ചെയ്തിരുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും മറ്റ് രണ്ട് ബലാത്സംഗക്കേസുകളിലും ആണ് ഹരിയാനയിലെ ഫത്തേഹാബാദ് അതിവേഗ കോടതി ശിക്ഷ വിധിച്ചത്.
2018ലാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ആശ്രമത്തിലെത്തുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ആയിരുന്നു. ഇയാളുടെ ഫോണിൽ നിന്ന് 120 ലൈംഗിക വിഡിയോ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. പണത്തിനായി ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരകളെ പിന്നീട് ബ്ലാക്ക് മെയിൽ ചെയ്യാറാണ് ഇയാളുടെ പതിവ്.
ബലാത്സംഗത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനുമുള്ള ശിക്ഷകൾ ഒരേസമയം നടപ്പാക്കുമെന്ന് ഇരകളുടെ അഭിഭാഷകനായ അഭിഭാഷകൻ സഞ്ജയ് വർമ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ആയുധങ്ങളും വെടിക്കോപ്പുകളും സംബന്ധിച്ച നിയമവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ആൾദൈവത്തെ വെറുതെ വിട്ടു.നാലര വർഷമായി ജയിലിൽ കഴിയുന്ന ഇയാൾ ഇനി ഒമ്പതര വർഷം കൂടി ജയിലിൽ കഴിയണം.
ആൾദൈവങ്ങൾ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമായല്ല, 2017 ഗുർമീത് റാം റഹീം സിങ് ഇൻസാനും 2018ൽ ആശാറാം ബാപ്പുവും ശിക്ഷിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.