സംസ്ഥാനത്തെ കുപ്രസിദ്ധ മാല മോഷ്ടാക്കൾ പിടിയിൽ
text_fieldsപെരുമ്പടപ്പ്:സംസ്ഥാനത്തെ മിക്ക ജില്ലകളിലും, ബൈക്കിലെത്തി സ്ത്രീകളുടെ മാല പിടിച്ച് പറിച്ച് രക്ഷപ്പെടുന്ന രണ്ടംഗ സംഘം പൊലീസിന്‍റെ വലയിൽ.ആലപ്പുഴ ഹരിപ്പാട് മണ്ണാറശാല സ്വദേശി തറയിൽ ഉണ്ണികൃഷ്ണൻ (31) കൊല്ലം അഞ്ചാലുംമൂട് പെരുനാട് സ്വദേശി കൊച്ചുഴിയത്ത് പാണയിൽ വീട്ടിൽ ശശി (43) എന്നിവർക്ക് വേണ്ടി മാസങ്ങളോളമാണ് പൊലീസ് തെരച്ചിൽ നടത്തിയത്. ആലപ്പുഴയിലെ ക്രൈംബ്രാഞ്ചിലെ വനിതാ പൊലീസുകാരിയുടെ മാല പിടിച്ചുപറിച്ചതാണ് അന്വേഷണം ഊർജ്ജിതമാക്കാനും, പ്രതികളെ പിടികൂടാനും സഹായിച്ചത്.പല ജില്ലകളിലായി മാല മോഷണം പതിവാക്കിയവരെ പിടികൂടാൻ പൊലീസ് സ്നാച്ചിങ്ങ് കോമെറ്റ്' എന്ന ഒരു ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
ലോക്കൽ പൊലീസിനൊപ്പം മലപ്പുറം സൈബർ സെല്ലും ചേർന്നാണ് പ്രതികൾക്കായുള്ള തെരച്ചിലിന് നേതൃത്വം നൽകിയത്. ടീമിലെ അംഗങ്ങളെ മൂന്ന് ടീമായി തിരിച്ച് ഒരേ സമയം മൂന്ന് തലങ്ങളിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഒരു രീതിയാണ് ഈ കേസിൽ സ്വീകരിച്ചത്. പ്രതികളെ തിരിച്ചറിയുകയെന്ന ആദ്യ ലക്ഷ്യത്തിനായി കഴിഞ്ഞ കാലങ്ങളിലെ സമാനമായ കേസുകൾപഠിച്ച് ഇരകളെ കണ്ട് ഇവരുടെ മോഷണ രീതി മനസ്സിലാക്കിയും, ജയിലുകൾ സന്ദർശിച്ചും, ജയിലിൽ ഇവർക്കൊപ്പമുണ്ടായിരുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും, സി.സി.ടി.വി പരിശോധിച്ചുമാണ് പ്രതികളെ തിരിച്ചതിഞ്ഞത്. ഇവർ ഉപയോഗിച്ച വാഹനം 150 പൾസർ ആണെന്നും, ഇരുവരും ബൈക്ക് റൈഡിങിൽ വിദ്ഗ്ധരുമാണെന്ന് മനസ്സിലാക്കുകയും ചെയ്തു.
ഇതേ സമയം തന്നെ പവർ ബൈക്ക് റൈഡിങിൽ വിദഗ്ദരായ യുവാക്കളെ ഉൾപ്പെടുത്തിയുളള രണ്ടാമത്തെ ടീം കഴിഞ്ഞ 2 മാസമായി 6 ബൈക്കുകളിലായി ചേറ്റുവ, അങ്കമാലി പാലിയേക്കര, മണ്ണുത്തി എന്നിവിടങ്ങളിൽ പ്രതികളെ നിരീക്ഷിക്കാനും പൊലീസ് പദ്ധതി തയ്യാറാക്കി. കൂടാതെ കണ്ടുബസാർ , പാലപ്പെട്ടി ,പുത്തൻപള്ളി, അത്താണി എന്നിവിടങ്ങളിൽ ഓട്ടോ ഡ്രൈവർമാരേയും, വ്യാപാരി വ്യവസായികൾപ്രാദേശിക രാഷ്ട്രീയ നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി ഇവരെക്കുറിച്ച് വിവരം നൽകാനും ചുമതലപ്പെടുത്തി. പ്രതികളെ തിരിച്ചറിഞ്ഞതോടെ മൂന്നാമത്തെ ടീം പ്രതികൾ മുമ്പ് താമസിക്കുകയും കൃത്യം നടത്തുകയും ചെയ്തിട്ടുളള എളമക്കര, ഇടപ്പളളി, വടക്കേക്കര, വീയ്യപുരം, കാവനാട്, മാവേലിക്കര, പെരുമ്പാവൂർ, നെന്മാറ തുടങ്ങിയ സ്ഥലങ്ങളിൽ ദിവസങ്ങളോളം താമസിച്ച് അന്വേഷണം നടത്തി.
പെരുമ്പാവൂർ കേന്ദ്രീകരിച്ച് വ്യാജ സിം കാർഡുകൾ, ആധാർ കാർഡുകൾ എന്നിവ എടുത്ത് കൊടുക്കുകയും ജ്യാമത്തിന് താൽക്കാലികമായി ജാമ്യക്കാരേയും രേഖകളും കൊടുക്കുന്ന ഒരു റാക്കറ്റ് ഉണ്ടെന്നുമുളള അന്വേഷണമാണ് പ്രതികളിലേക്ക് എത്തുന്നതിന് സഹായകരമായത് .ദിവസങ്ങളോളം നീണ്ടു നിന്ന ഓപ്പറേഷന് ഒടുവിലാണ് പ്രതികൾ ഇരുവരും കുടുങ്ങിയത്. അഞ്ഞൂറോളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചും, ഒരുലക്ഷത്തോളം കാൾ ലിസ്റ്റുകൾ പരിശോധിച്ചുമാണ് പ്രതികളിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം ജയിലിൽ നിന്നിറങ്ങിയ ഉടനെ തന്നെ ഇരുവരും ആലപ്പുഴ ജില്ലയിലെ കനകക്കുന്ന് സ്റ്റേഷൻ പരിധിയിലുള്ള ഒരാളുടെ പൾസർ മോഡലിലുള്ള ബൈക്ക് മോഷ്ടിച്ചെടുത്ത് ആണ് ഇവർ മോഷണ പരമ്പര ആരംഭിച്ചത്. തുടർന്ന് ഈ ബൈക്ക് ഉപയോഗിച്ച് നടത്തിയ ആദ്യ മോഷണത്തിലെ പണം ഉപയോഗിച്ചാണ് പ്രതികൾ വ്യാജ രേഖകൾ ചമച്ചത്.നടന്നു പോവുകയും ടൂവീലർ ഓടിച്ച ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളുടെ മാലയാണ് ഇവർ പിടിച്ചു പറിക്കുക. പൊലീസിൻ്റെ പഴുതടച്ച അന്വേഷണമാണ് ഒടുവിൽ ഇവർ വലയിലാവാൻ ഇടയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.