ആദ്യം വഴങ്ങാതെ... ലൈലയുടെയും ഭഗവൽസിങിന്റെയും വെളിപ്പെടുത്തൽ നിർണായകമായി
text_fieldsകൊച്ചി: ഇലന്തൂർ നരബലി കേസിൽ അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ് ഷാഫി അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പിടികൊടുക്കാൻ ആദ്യഘട്ടത്തിൽ തയാറായില്ല. ലോട്ടറി വിൽപനക്കാരായ എറണാകുളം കടവന്ത്രയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി പത്മ (52), കാലടി മറ്റൂരിൽ താമസിച്ചിരുന്ന തൃശൂർ വടക്കാഞ്ചേരി സ്വദേശി റോസ്ലി വർഗീസ്(49) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് പൊലീസിനെ വട്ടംകറക്കാൻ ശ്രമിച്ചത്. ജാഗ്രതയോടെ നടത്തിയ അന്വേഷണങ്ങളും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലുമാണ് നിർണായകമായത്. ആദ്യഘട്ടത്തിൽ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു ശ്രമം. ഇതോടെ കൂടുതൽ ശാസ്ത്രീയ അന്വേഷണങ്ങളിലേക്ക് ഉദ്യോഗസ്ഥർ കടന്നു.
ടവർ ലൊക്കേഷൻ, ഫോൺ രേഖകളുടെ പരിശോധന എന്നിവ ആരംഭിച്ചു. കടവന്ത്രയിൽനിന്ന് കാണാതായ പത്മക്ക് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ഈ സമയം ഉദ്യോഗസ്ഥർക്ക് ഒന്നും മനസ്സിലായിരുന്നില്ല. കാണാതാകുന്ന സമയം പത്മ ധരിച്ച സാരിയുടെ നിറം പോലും പരാതിക്കാരിയായ സഹോദരിക്ക് അറിയില്ലായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ, മൊബൈൽ രേഖകളുടെ പരിശോധന എന്നിവ ഒടുവിൽ എത്തിയത് ഇലന്തൂരിലാണ്. അവിടത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രണ്ടാം പ്രതി ഭഗവൽസിങിലേക്കും മൂന്നാം പ്രതി ലൈലയിലേക്കും അന്വേഷണം എത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്. റഷീദ് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഷാഫിയുടെ നിർദേശപ്രകാരം ആഭിചാര ക്രിയയുടെ ഭാഗമായി പത്മയെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ വിവരം വെളിപ്പെടുത്തി. ഇതിന് ഉപയോഗിച്ച ഞെട്ടിക്കുന്ന രീതികളും വെളിച്ചത്തായി.
ഇവരിൽനിന്ന് കിട്ടിയ വിവരങ്ങളും ശാസ്ത്രീയ പരിശോധനയിലെ തെളിവുകളും വെച്ച് നടത്തിയ രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ ഷാഫിക്ക് പിടിച്ചുനിൽക്കാനായില്ല. കള്ളങ്ങൾ ഒന്നൊന്നായി പൊളിഞ്ഞുതുടങ്ങിയതോടെ കൊലപാതക വിവരങ്ങൾ ഓരോന്നായി വെളിപ്പെട്ടു. ഇതിനിടെ കാലടിയിൽനിന്ന് ഷാഫി മുഖേനതന്നെ എത്തിച്ച റോസ്ലിയെ മുമ്പ് സമാനമായി കൊലപ്പെടുത്തിയതും ഭഗവൽസിങും ലൈലയും അന്വേഷണ സംഘത്തോട് പറഞ്ഞു. ഇക്കാര്യങ്ങൾ മുന്നിൽവെച്ചതോടെ ഷാഫിക്ക് ക്രൂരകൃത്യത്തെക്കുറിച്ച് പൊലീസിനോട് വിശദീകരിക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.