കുടുംബ വഴക്കിനെ തുടര്‍ന്ന് വീണ് പരിക്കേറ്റ റിട്ട. എസ്.ഐ മരിച്ചു, മകന്‍ കസ്റ്റഡിയില്‍
text_fieldsഏറ്റുമാനൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ റിട്ട. ഗ്രേഡ് എസ്.ഐ മരിച്ചു. സംഭവത്തില്‍ റിട്ട. സൈനികനായ മകന്‍ പൊലീസ് കസ്റ്റഡിയില്‍. ഏറ്റുമാനൂര്‍ മാടപ്പാട് കുമ്പളത്ത് തറയില്‍ സി. മാധവന്‍ (87) ആണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് മുന്‍ സൈനികനും ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ ഗിരീഷ്‌കുമാര്‍(48)ആണ് പൊലീസ് കസ്റ്റഡിയിലായത്. അതേസമയം, പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മരിച്ച മാധവനും രണ്ടാം ഭാര്യയായ രാജമ്മയും മൂത്ത മകന്‍ ജിതേഷും ഭാര്യയും കുട്ടികളും ഗിരീഷിന്റെ സഹോദരന്‍ പ്രദീപും ഒന്നിച്ച് ഒരു വീട്ടിലാണ് താമസം. ഒരു വിവാഹവുമായി ബന്ധപ്പെട്ട് വൈക്കത്ത് ഭാര്യ വീട്ടിലായിരുന്ന ഗിരീഷ് ഇന്നലെയാണ് വീട്ടിലെത്തിയത്. നന്നായി മദ്യപിച്ചെത്തിയ ഇയാള്‍ വീടിനുള്ളില്‍ അസഭ്യം വര്‍ഷം നടത്തുന്നത് പിതാവ് ചോദ്യംചെയ്തു. ഇതില്‍ പ്രകോപിതനായ ഗിരീഷും പിതാവും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നുവെന്നും ഇതിനിടെ വീണാണ് മാധവന്‍ മരിച്ചതെന്നും രാജമ്മ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, ഗിരീഷിന്റെ ഭാര്യയുമായി മാധവന്‍ വഴക്കിട്ടെന്നും ഇതേ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്നും പറയപ്പെടുന്നു. വീണ് പരിക്കേറ്റ മാധവനെ കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍. ബി.എസ്.എഫില്‍ നിന്നും റിട്ടയര്‍ ചെയ്ത ഗിരീഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ്.
ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, ഡിവൈ.എസ്.പി ജെ. സന്തോഷ്‌കുമാര്‍, ഏറ്റുമാനൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. ചില ശാരീരിക അസുഖങ്ങള്‍ ഉള്ളയാളാണ് മാധവനെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. പലപ്പോഴും ബോധരഹിതനായി വീഴുന്ന രീതിയും ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
ശരീരത്തില്‍ പരിക്കുകളൊന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.