ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന 93 സ്ഥാപനങ്ങൾക്ക് നോട്ടീസ്
text_fieldsകോട്ടയം: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ പിഴവുകൾ കണ്ടെത്തിയ 93 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
13 സ്ഥാപനങ്ങളിൽനിന്ന് പിഴയീടാക്കാനുള്ള നടപടി സ്വീകരിച്ചു. ഫിഷറീസ് വകുപ്പുമായി ചേർന്ന് 21 മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 10 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരു സ്ഥാപനത്തിൽനിന്ന് പിഴ ഈടാക്കാൻ നടപടിയെടുത്തു. ഇവിടെനിന്ന് പഴകിയ 49 കിലോ മത്സ്യം നശിപ്പിച്ചതായും ഭക്ഷ്യ സുരക്ഷാ അസി. കമീഷണർ അറിയിച്ചു.
കഴിഞ്ഞമാസം ജില്ലയിലെ 418 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 56 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 173 സർവെയ്ലൻസ് സാമ്പിളുകളും പരിശോധനയ്ക്കയച്ചു. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ പക്കാവട (ഈരാറ്റുപേട്ട കാലിക്കട്ട് സ്വീറ്റ്സിന്റെ 22.11.2021 ബാച്ച് നമ്പർ വി.സി.-017), ടീ റസ്ക് (ആലപ്പുഴ എൻ.ജി.എസ്. ഫുഡ്സിന്റെ 27.11.2021 ബാച്ച് നമ്പർ റ്റി11/21) എന്നിവ വിപണിയിൽ നിന്ന് പിൻവലിക്കുന്നതിന് ബന്ധപ്പെട്ട വ്യാപാരികൾക്ക് നിർദേശം നൽകി.
ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരമുള്ള ഗുണനിലവാരം രേഖപ്പെടുത്താതെ 2021 സെപ്റ്റംബറിൽ പായ്ക്കുചെയ്ത തിരുവനന്തപുരം ചോയ്സ് ഹെർബൽസിന്റെ നറുനെയ്യ്ക്കെതിരേ (ബാച്ച് നമ്പർ 119) നിയമ നടപടിയെടുത്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നിർമിച്ച മധുരവേൽ കൺഫെക്ഷനറിയുടെ മിഠായി, തൃശൂർ അഫാൻ ഫുഡ് പ്രൊഡക്ട്സിന്റെ സിന്തറ്റിക് വിനാഗിരി (മെയ് 2021, ബാച്ച് നമ്പർ സി.എം 01), വൈക്കം വേമ്പനാട് ഓയിൽ മിൽസിന്റെ വെളിച്ചെണ്ണ(നവംബർ 2021 ന് നിർമിച്ചത്), മൂവാറ്റുപുഴ ഫിലോമിനാസ് ഫുഡ് പ്രൊഡക്ട്സിന്റെ മുതിര മുളപ്പിച്ചത് (2-11-21, ബാച്ച് നമ്പർ പി.എഫ്.പി. നവംബർ 2) എന്നിവയ്ക്കെതിരെ ലേബൽ നിയമങ്ങൾ പാലിക്കാത്തതിന് നിയമനടപടി ആരംഭിച്ചു. ഇത്തരം ഭക്ഷ്യവസ്തുക്കൾ വിപണനം നടത്തിയതിന് നാലു ക്രിമിനൽ കേസുകളും രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.