പി.ആർ. സുനു ഡിജിപിക്ക് മുന്നിൽ ഹാജരായില്ല; ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന്, പിരിച്ചുവിടാൻ സാധ്യത
text_fields നടപടി നേരിടുന്ന ഇൻസ്പെക്ടർ പി.ആർ. സുനു ഡിജിപിക്ക് മുന്നിൽ ഹാജരായില്ല. നടപടികളുടെ ഭാഗമായി ഇന്ന് നേരിട്ട് തനിക്ക് മുന്നിൽ ഹാജരാവാണമെന്ന് കാണിച്ച് സംസ്ഥാന പൊലീസ് മേധാവി പി.ആർ സുനുവിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ബലാത്സംഗം അടക്കം ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ സുനുവിനോട് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് നേരിട്ട് ഹാജരാകാണമെന്നാണ് നിർദേശിച്ചിരുന്നത്. താൻ ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലാണെന്നും നേരിട്ട് ഹാജരാവാൻ സമയം അനുവദിക്കണമെന്നും കാണിച്ച് സുനു ഡിജിപിക്ക് മെയിൽ അയച്ചിരിക്കയാണ്. എന്നാൽ, ഇത് മുഖവിലയ്ക്ക് എടുക്കാതെ സുനുവിനെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് ഡിജിപിയുടെ നീക്കം എന്നറിയുന്നു.
ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ സുനു 15 തവണ വകുപ്പുതല നടപടിയും നേരിട്ട ഉദ്യോഗസ്ഥനുമാണ്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാൽസംഗ കേസിൽ ആരോപണ വിധേയനായതോടെ സുനുവിനെ നേരത്തെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാനായി നേരത്തെ ഡിജിപി ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതോടെ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. പക്ഷേ ഡിജിപിക്ക് നടപടിയുമായി മുന്നോട്ട് പോകാമെന്നായിരുന്ന കോടതി ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 31 ന് സുനു മറുപടി നൽകി. ഈ മറുപടി പരിശോധിച്ചാണ് ഡിജിപി നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാൻ വീണ്ടും നോട്ടീസ് നൽകിയത്.
തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായതോടെ ബേപ്പൂർ കോസ്റ്റൽ സിഐയായിരുന്ന പി.ആർ.സുനു സസ്പെൻഷനിലാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു സസ്പെന്‍ഷന്‍ നടപടി. തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് കോസ്റ്റൽ എസ് എച്ച് ഒ പി ആർ സുനു. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന് ഇയാളെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും മതിയായ തെളിവില്ലാത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. പുതിയ സാഹചര്യത്തിൽ പിരിച്ചുവിടൽ നടപടി സ്വീകരിക്കാനാണ് സാധ്യതയെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.