എം.ഡി.എം.എയുമായി അന്തർജില്ല വിതരണക്കാരൻ അറസ്റ്റിൽ
text_fieldsകരുനാഗപ്പള്ളി: കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എ വിതരണം ചെയ്യുന്ന നിരവധി ലഹരി മരുന്ന് കേസുകളിൽ പ്രതിയായ പത്തനംതിട്ട തിരുവല്ല മഞ്ഞാടി കുന്നംതടത്തിൽ വീട്ടിൽ ഗോപുവിനെ (25) കരുനാഗപ്പള്ളി പൊലീസ് പിടികൂടി.
കരുനാഗപ്പള്ളിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ എൻജിനീയറിങ് വിദ്യാർഥികൾക്ക് നിരന്തരം എം.ഡി.എം.എ വിതരണം ചെയ്തുവന്നയാളെക്കുറിച്ച് ലഹരി ഉപയോഗിച്ചുവന്നിരുന്ന വിദ്യാർഥികളുടെ ഹോസ്റ്റൽ സഹ അന്തേവാസികൾ ജില്ല പൊലീസ് മേധാവി ടി. നാരായണനെ അറിയിച്ചു.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ ജി. ഗോപകുമാർ, എസ്.ഐ അലോഷ്യസ് അലക്സാണ്ടർ, ജിമ്മി ജോസ്, ശരത്ചന്ദ്രൻ ഉണ്ണിത്താൻ, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് 20 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന ആറ് ഗ്രാം എം.ഡി.എയുമായി പ്രതിയെ കുലശേഖരപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്.
30 മില്ലിഗ്രാമിന്‍റെ 20 പാക്കറ്റുകളാണ് ഇയാളിൽനിന്ന് പൊലീസ് കണ്ടെടുത്തത്. ഒരു പാക്കറ്റിന് 4000 രൂപ മുതൽ 5000 രൂപ വരെയാണ് ഇടപാടുകാരിൽനിന്ന് ഈടാക്കുന്നത്. കോട്ടയം കറുകച്ചാൽ സ്വദേശികളായ സഹോദരങ്ങളാണ് മധ്യതിരുവിതാംകൂറിലെ ലഹരിമരുന്ന് വിതരണത്തിലെ പ്രധാനികളെന്ന് പ്രതിയിൽനിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴ സൗത്ത്, പത്തനംതിട്ടയിലെ ഇലവംതിട്ട എന്നീ സ്റ്റേഷനുകളിൽ 2019 ലും 2020 ലും ലഹരിമരുന്ന് വിൽപനക്കായി സൂക്ഷിച്ചതിന് ഗോപുവിന്‍റെ പേരിൽ കേസുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.