അന്തർജില്ല മോഷ്ടാവ് കാർലോസ് അനിൽകുമാർ പിടിയിൽ
text_fieldsവളാഞ്ചേരി: വടക്കൻ കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് മഞ്ചേരി സ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസിനെ (60) വളാഞ്ചേരി പൊലീസ് പിടികൂടി.ഓണനാളുകളിൽ പൂട്ടിയിട്ട് പോകുന്ന വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം നടത്തി വരുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോഓപറേറ്റീവ് സൊസൈറ്റിക്ക് പിറകുവശമുള്ള ബാലമുരളി നിവാസിൽ അഭിനന്ദിന്‍റെ വീട് കുത്തിത്തുറന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന 80,000 രൂപ മോഷ്ടിച്ചിരുന്നു.
തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിന്‍റെ സഹായത്തോടെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.സി.സി.ടി.വിയിൽനിന്ന് ലഭിച്ച അവ്യക്തമായ വിരലടയാളം ഉപയോഗിച്ചാണ് ഷൊർണൂരിൽനിന്ന് പ്രതിയെ പിടികൂടിയത്.ഒറ്റപ്പാലം ജയിലിൽനിന്ന് 10 ദിവസം മുമ്പ് ഇറങ്ങിയ പ്രതി കൂറ്റനാട്, തൃത്താല, വടക്കാഞ്ചേരി, ഷൊർണൂർ, ചങ്ങരംകുളം എന്നിവിടങ്ങളിൽ മോഷണങ്ങൾ നടത്തിയെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പെരിന്തൽമണ്ണ, നിലമ്പൂർ, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂർ ഹേമാംബിക നഗർ, കോഴിക്കോട്, നല്ലളം എന്നീ പൊലീസ് സ്റ്റേഷനുകളിൽ സമാന രീതിയിൽ കളവ് കേസുകൾ ഉണ്ടായിരുന്നു. വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ സോമസുന്ദരൻ, എ.എസ്.ഐ ബിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ മനോജ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.