തലശ്ശേരിയിലെ കവർച്ചക്കുപിന്നിലും അന്തർസംസ്ഥാന മോഷണസംഘം
text_fieldsകണ്ണൂർ: തലശ്ശേരി കുയ്യാലിയിലെ വീട്ടിൽനിന്ന് ഒരുമാസം മുമ്പ് 17 പവൻ കവർന്ന സംഭവത്തിനുപിന്നിലും കണ്ണൂരിൽ കഴിഞ്ഞദിവസം അറസ്റ്റിലായ അന്തർ സംസ്ഥാന മോഷണസംഘം. കുയ്യാലിയിലെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളം മോഷണസംഘത്തിലെ രണ്ടുപേരുടേതുമായി സാമ്യമുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞദിവസം പയ്യാമ്പലത്ത് അശോകന്റെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലാണ് ന്യൂഡൽഹി ഗുരുനാനാക്ക് മാർക്കറ്റിലെ മഹേന്ദ്ര (50), ഉത്തർപ്രദേശ് സ്വദേശികളായ അക്ബർപൂർ രവീന്ദ്രപാൽ ഗൗതം (28), സംബാൽ ജന്നത്ത് ഇന്റർ കോളജിന് സമീപം റംബറോസ് (26) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. ഇതിൽ റംബറോസ്, മഹേന്ദ്ര എന്നിവരുടെ വിരലടയാളമാണ് കുയ്യാലിയുമായി സാമ്യം. തളിപ്പറമ്പ് അടക്കമുള്ള കവർച്ച കേസുകളിൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കുയ്യാലി മത്തിക്കാവിന് സമീപം റോസ് മഹലിൽ കെ.കെ. നാസറിന്റെ ഇരുനില വീട്ടിലാണ് സെപ്റ്റംബറിൽ കവർച്ച നടന്നത്. വീടിന്റെ പിൻ ഭാഗത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. മുകളിലും താഴെയുമുള്ള മുറികളിലെ അലമാരയും മേശയും കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. വീട്ടുടമ നാസർ മലേഷ്യയിലാണ്. നാസറിന്റെ ഭാര്യയും മകളുമാണ് വീട്ടിൽ താമസം. അവർ വീടുപൂട്ടി ബന്ധുവീട്ടിൽ പോയപ്പോഴായിരുന്നു കവർച്ച.
യു.പി, ഡൽഹി എന്നിവിടങ്ങളിലെ അഞ്ച് മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച പ്രതികൾ പിടിയിലായതോടെ ജില്ലയിൽ നടന്ന നിരവധി മോഷണ കേസുകൾക്ക് തുമ്പുണ്ടാക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഗൂഗ്ൾമാപ്പ് നോക്കി കൂടുതൽ വീടുള്ള പ്രദേശങ്ങൾ കണ്ടെത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. പയ്യാമ്പലത്തെ മോഷണം നടന്ന വീട്ടിൽനിന്ന് കണ്ടെടുത്ത ചെരിപ്പുകടയിലെ ഷൂ വാങ്ങിയ ബില്ലാണ് പൊലീസിന് പ്രതികളെ വലയിലാക്കാൻ തുമ്പായത്. കടയിൽ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ താമസിക്കുന്നവരാണെന്ന് കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.