ഹോട്ടലിൽ അന്തർ സംസ്ഥാന തൊഴിലാളിക്ക് ക്രൂരമർദനം; ഭക്ഷണം കഴിക്കാനെത്തിയവരാണ് പാർസലിനെച്ചൊല്ലി മർദിച്ചത്
text_fieldsതൊടുപുഴ: ഭക്ഷണം കഴിക്കാനെത്തിയ മൂന്നംഗസംഘം ഹോട്ടൽ ജീവനക്കാരനായ അന്തർ സംസ്ഥാനത്തൊഴിലാളിയെ ക്രൂരമായി മർദിച്ചു. അസം സ്വദേശി നജ്റുൽ ഹഖിനാണ് (35) മർദനമേറ്റത്. സംഭവത്തിൽ മൂന്നുപേരെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ മങ്ങാട്ടുകവലയിലെ മുബാറക് ഹോട്ടലിൽ ഞായറാഴ്ച നടന്ന സംഭവം ബുധനാഴ്ചയാണ് പുറത്തറിയുന്നത്.
തൊടുപുഴ വെളിയത്ത് ബിനു (42), അറക്കുളം മുളക്കൽ വിഷ്ണു (27), കുമാരമംഗലം ചേനക്കരകുന്നേൽ നിബുൻ (32) എന്നിവരാണ് അറസ്റ്റിലായത്. നരഹത്യ ശ്രമത്തിനാണ് കേസെടുത്തത്. ഭക്ഷണം കഴിച്ചശേഷം വാങ്ങിയ പാർസലിൽ കൂടുതൽ അളവ് വേണമെന്ന് പ്രതികൾ ആവശ്യപ്പെടുകയും ഹോട്ടലുടമ സ്ഥലത്തില്ലാത്തതിനാൽ നൽകാനാവില്ലെന്ന് അറിയിച്ച ജീവനക്കാരനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. ഇരുമ്പുപോലുള്ള വസ്തുകൊണ്ട് പുറത്തിടിക്കുകയും കടക്കുള്ളിലിട്ട് ചവിട്ടുകയും ചെയ്തതായി ഹോട്ടലുടമ സക്കീർ പറഞ്ഞു. ദേഹമാസകലം മർദനേമറ്റ പാടുകളുണ്ട്.
ഞായറാഴ്ചതന്നെ പരാതി നൽകാൻ ഒരുങ്ങിയെങ്കിലും പരാതിപ്പെട്ടാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി പറഞ്ഞ് നജ്റുൽ ഹഖ് പിന്തിരിപ്പിക്കുകയായിരുന്നു എന്നാണ് ഹോട്ടലുടമ പറയുന്നത്. പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബുധനാഴ്ച പരാതി നൽകുകയും പ്രതികൾക്കെതിരെ കേസെടുക്കുകയും ചെയ്തത്. നജ്റുൽ ഹഖ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽനിന്നോ ഹോട്ടൽ അധികൃതരിൽനിന്നോ ബുധനാഴ്ചവരെ വിവരം ലഭിച്ചിരുന്നില്ലെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.