ഓൺലൈനിലൂടെ തട്ടിയെടുത്ത പണം റൂറൽ സൈബർ പൊലീസ് വീണ്ടെടുത്തു
text_fieldsആലുവ: 'നിങ്ങളുടെ കഴിഞ്ഞമാസത്തെ വൈദ്യുതി ബിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല. അതിനാൽ വൈദ്യുതി ബന്ധം ഇന്ന് വിച്ഛേദിക്കും. ഉടൻ താഴെപ്പറയുന്ന മൊബൈൽ നമ്പറിലോ, ഇലക്ട്രിസിറ്റി ഓഫിസറുമായോ ബന്ധപ്പെടുക.' നിജസ്ഥിതി അറിയാതെ മൊബൈൽ ഫോണിലെത്തിയ ഈ സന്ദേശത്തിന് പിന്നാലെ പോയ ആലങ്ങാട് സ്വദേശിക്ക് നഷ്ടമായത് രണ്ട് ലക്ഷം രൂപ. ഏറെ ശ്രമങ്ങൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ എറണാകുളം റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ ടീം പണം വീണ്ടെടുത്തു നൽകി.
തട്ടിപ്പാണെന്ന് തോന്നാത്ത വിധത്തിലാണ് ഒൺലൈനായി കറന്റ് ബില്‍ അടച്ചിരുന്ന മധ്യവയസ്കന് സന്ദേശം വന്നത്. ഇലക്ട്രിസിറ്റി ഓഫിസറുമായോ, സന്ദേശത്തിൽ കൊടുത്ത നമ്പറിലോ ഉടൻ ബന്ധപ്പെടാനാണ് പറഞ്ഞിരുന്നത്. കറന്റ് കട്ടായാൽ ഉണ്ടാകുന്ന പ്രശ്നങ്ങളോർത്ത് അദ്ദേഹം ഉടൻ നമ്പറിൽ ബന്ധപ്പെട്ടു. ഫോൺ എടുത്തയാൾ വളരെ ആധികാരികതയോടെയാണ് സംസാരിച്ചത്. ഒരു ആപ് ഡൗൺ ലോഡ് ചെയ്യാനുള്ള ലിങ്ക് വാട്സ്ആപ് വഴി അയച്ചുകൊടുത്തു. സ്ക്രീൻ ഷെയർ ചെയ്യാനുള്ള ആപ്ലിക്കേഷനായിരുന്നു ഇത്. ഉടൻ ഇൻസ്റ്റാൾ ചെയ്തു. കെ.എസ്.ഇ.ബിയുടെ സൈറ്റിൽ കയറി പത്ത് രൂപ അടക്കാൻ പറഞ്ഞായിരുന്നു അടുത്ത സന്ദേശം. സൈറ്റ് തുറന്ന് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകി പത്ത് രൂപ അടച്ചു. തട്ടിപ്പുകാരുടെ നിർദേശത്തെ തുടർന്ന് ഇൻസ്റ്റാൾ ചെയ്ത സ്ക്രീൻ ഷെയര്‍ ആപ്ലിക്കേഷൻ മുഖേന ക്രെഡിറ്റ് കാർഡ്-ബാങ്ക് വിവരങ്ങൾ മനസ്സിലാക്കിയ തട്ടിപ്പ് സംഘം ഈ വിവരങ്ങൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായ രണ്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ നടത്തിയ അന്വേഷണത്തിലാണ് തുക തിരിച്ചുപിടിച്ചത്. തട്ടിപ്പുസംഘം ഈ തുക ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചർ വാങ്ങുകയായിരുന്നു. തുടർന്ന് അന്വേഷണ സംഘം ഇടപെട്ട് തട്ടിപ്പുകാരുടെ പണമിടപാട് മരവിപ്പിക്കുകയും തുക തിരിച്ച് പരാതിക്കാരന്റെ അക്കൗണ്ടിൽ എത്തിക്കുകയും ചെയ്തു. പണം അപഹരിച്ചതിന് പിന്നിൽ ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘമാണ് പ്രവർത്തിച്ചത്.
ഇൻസ്പെക്ടർ എം.ബി. ലത്തീഫ്, എസ്.ഐമാരായ എം.ജെ. ഷാജി, എ.ബി. റഷീദ് എസ്.സി.പി.ഒ പി.എം. തൽഹത്ത്, സി.പി.ഒമാരായ സി.ഐ. ഷിറാസ് അമീൻ, ലിജോ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.