അന്തർസംസ്ഥാന സംഘത്തിെൻറ അറസ്റ്റ്: പുറത്തുവരുന്നത് കോടികളുടെ തട്ടിപ്പ്
text_fieldsതാനൂർ: പരാതി ലഭിച്ച് ആറുദിവസത്തെ അന്വേഷണത്തിനൊടുവിൽ താനൂർ ഡിവൈ.എസ്.പിയും സംഘവും പിടികൂടിയ അന്തർസംസ്ഥാന സംഘം നടത്തിയത് കോടികളുടെ തട്ടിപ്പ്. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. നാലുവർഷത്തിലേറെയായി തുടരുന്ന തട്ടിപ്പ് വിവരങ്ങളാണ് പുറത്തുവന്നത്.
പ്രതികളെ പിടികൂടിയതറിഞ്ഞ് സംസ്ഥാനത്തിെൻറ വിവിധയിടങ്ങളിൽനിന്നാണ് പരാതികൾ പ്രവഹിച്ചത്. കുറഞ്ഞ പലിശ നിരക്കിൽ വായ്പ എന്ന കെണിയിൽ വീണ് താനൂർ സ്വദേശിക്കുണ്ടായ നഷ്ടത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച തട്ടിപ്പ് സംഘം പിടിയിലായത്.
കോട്ടയം വേലൂർ സ്വദേശി പലമാറ്റം വീട്ടിൽ മുത്തു സരുൺ (32), പാണ്ടിക്കാട് കൊളപ്പറമ്പ് പുതില്ലതുമാടം രാഹുൽ (24), റാന്നി മക്കപ്പുഴ സ്വദേശി കാഞ്ഞിരത്തമലയിൽ ജിബിൻ (28), ശ്രീവിളിപുത്തൂർ കാളിയമ്മൻ കോവിൽ വീരകുമാർ (33) എന്നിവരെയാണ് താനൂർ ഡിവൈ.എസ്.പി എം.ഐ. ഷാജിയും സംഘവും തമിഴ്നാട്ടിലെ വിരുധ നഗറിൽനിന്ന് പിടികൂടിയത്.
വിശദമായി ചോദ്യം ചെയ്യാൻ ചൊവ്വാഴ്ചയാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. കോയമ്പത്തൂരിൽ മെക്കാനിക്കൽ എൻജിനീയറായിരുന്ന മുത്തു സരുൺ 2016ൽ കോയമ്പത്തൂരിൽനിന്ന് പരിചയപ്പെട്ട ഒരാളുമായി ചെന്നൈ സ്വദേശിയെ പറ്റിച്ചാണ് തട്ടിപ്പിന് തുടക്കമിട്ടത്. ഇതിൽ 68,000 രൂപ ലഭിച്ചതോടെ തട്ടിപ്പ് രംഗത്ത് തുടർന്നു. 2017ൽ ചെന്നൈ സ്വദേശിയായ മറ്റൊരാളിൽനിന്ന് 40 ലക്ഷം തട്ടിയെടുത്തു.
രാഹുൽ, ജിബിൻ എന്നിവർ സരുണിെൻറ സുഹൃത്തുക്കളാണ്. കോയമ്പത്തൂരിൽ െവച്ചുള്ള കാർ കച്ചവട ബന്ധമാണ് വീരകുമാറുമായുള്ളത്. തട്ടിപ്പ് നടത്തുന്നതിനായുള്ള ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി മുത്തു സരുണിനും കൂട്ടാളികൾക്കും കൊടുക്കുന്ന ജോലിയാണ് വീരകുമാറിേൻറത്. അക്കൗണ്ടിലെത്തുന്ന പണത്തിെൻറ 20 ശതമാനം കമീഷൻ വീരകുമാറിനുള്ളതാണ്. 2019ൽ വൺ ഇന്ത്യ ഫിനാൻസ് കമ്പനിയെന്ന പേരിൽ ചെർപ്പുളശ്ശേരി സ്വദേശിയിൽനിന്ന് 47 ലക്ഷം, തിരൂർ സ്വദേശികളിൽനിന്ന് ആദിത്യ സ്റ്റാമ്പ് വെണ്ടർ എന്ന പേരിൽ 4,80,000 രൂപ, ഐശ്വര്യ സ്റ്റാമ്പ് വെണ്ടർ എന്ന പേരിൽ 3,75,000 എന്നിങ്ങനെ തട്ടിയെടുത്തതായി ഇവർ പറഞ്ഞു.
പ്രതികൾക്കെതിരെ ചെർപ്പുളശ്ശേരി, കരമന, പെരുവന്നമൂഴി, വഞ്ചിയൂർ, കളമേശ്ശരി, തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. താനൂർ ഡിവൈ.എസ്.പി എം.ഐ. ഷാജി, എസ്.ഐമാരായ ശ്രീജിത്ത് നരേന്ദ്രൻ, രാജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. സലേഷ്, സി.പി.ഒമാരായ ജിനേഷ്, പ്രകാശ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.