അന്തർ സംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റിൽ
text_fieldsകോഴിക്കോട്: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് നിരവധി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി കുറ്റിച്ചിറ കൊശാനി വീട്ടിൽ ഹംദാൻ അലി എന്ന റെജു ഭായ് (42) വെള്ളയിൽ പൊലീസിന്റെ പിടിയിലായി. ഒരു വർഷത്തിനിടെ കോഴിക്കോട് സിറ്റിയിലെ വെള്ളയിൽ, മെഡിക്കൽ കോളജ്, ചേവായൂർ, ചെമ്മങ്ങാട്, കസബ, നഗരം പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത നിരവധി ഇരുചക്ര വാഹന മോഷണ കേസുകളാണ് ഇതോടെ തെളിയിക്കപ്പെട്ടത്.
കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ഇരുചക്രവാഹന മോഷണം വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ടൗൺ അസി. കമീഷണർ ബിജുരാജിന്റെ നിർദേശപ്രകാരം വെള്ളയിൽ പൊലീസും ടൗൺ പൊലീസും പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
പ്രതിക്കായുള്ള അന്വേഷണം ഊർജിതമായി നടക്കവെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ വളപ്പിൽനിന്ന് ഇരുചക്ര വാഹനം മോഷണംപോയ കേസിൽ പരിസരപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ടവർ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പൊലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. വാഹനമോഷണ കേസിൽ സംശയിക്കുന്ന വ്യക്തിക്ക് മുമ്പ് കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണക്കടത്ത് പരിശോധനക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞ കേസിലെ പ്രതി ഹംദാൻ അലിയുമായി രൂപസാദൃശ്യമുണ്ടെന്ന് കണ്ടെത്തി.
പൊലീസ് ദിവസങ്ങളോളം ഹംദാൻ അലിയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു. ഇയാൾ തന്നെയാണ് ബീച്ച് ആശുപത്രി വളപ്പിൽനിന്ന് വാഹനം മോഷ്ടിച്ചതെന്ന് വ്യക്തമായ ശേഷം ബേപ്പൂർ ഹാർബർ പരിസരത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശാസ്ത്രീയ ചോദ്യംചെയ്യലിൽ ഒരുവർഷത്തിനിടെ കോഴിക്കോട് സിറ്റിയിൽനിന്നും 14 വാഹനം മോഷണം നടത്തിയതായി ഹംദാൻ അലി സമ്മതിച്ചു. മോഷ്ടിച്ച വാഹനങ്ങൾ ബാങ്ക് റിക്കവറി നടത്തിയ വാഹനങ്ങളാണെന്നു തെറ്റിദ്ധരിപ്പിച്ച് പ്രതി കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിൽ വിൽപന നടത്തിയതായി കണ്ടെത്തി. കോയമ്പത്തൂരിലും വയനാട്ടിലും വിൽപന നടത്തിയ ഒമ്പത് റോയൽ എൻഫീൽഡ് ബുള്ളറ്റ് ഉൾപ്പെടെ 12 വാഹനങ്ങൾ പൊലീസ് വീണ്ടെടുത്തു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.