പാലക്കാട് ജില്ലയിലേക്ക് ലഹരി ഒഴുകുന്നു: എക്സൈസ് പരിശോധന ഉൗർജിതം
text_fieldsമണ്ണാര്ക്കാട്: ഇതര സംസ്ഥാനങ്ങളില് നിന്നു കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് വര്ധിക്കുന്നു. പാലക്കാട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി 300 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ഇത് കൂടാതെ മാരക മയക്കുമരുന്നായ എം.ഡി.എം.എ.യും പല സന്ദർഭങ്ങളിലായി പിടികൂടി. കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും വലിയ വേട്ട നടന്നത് മണ്ണാര്ക്കാട് താലൂക്കിലാണ്. ഒരാഴ്ച മുമ്പ് തച്ചനാട്ടുകര പാലോട് വില്ലേജ് ഓഫിസിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില് നിര്ത്തിയിട്ടിരുന്ന കാറില് നിന്നു 190 കിലോ കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുത്തു. 300 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. ഇതിനു ഏതാനും ദിവസം മുമ്പാണ് ലോറിയില് കടത്തുകയായിരുന്ന 205 കിലോ കഞ്ചാവ് കരിങ്കല്ലത്താണിയില് വെച്ച് പെരിന്തല്മണ്ണ പൊലീസ് പിടികൂടിയത്.
ഒരിടവേളക്ക് ശേഷമാണ് കേരളത്തിലേക്ക് ലഹരി കടത്ത് വീണ്ടും സജീവമാകുന്നത്. ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില് നിന്നാണ് പ്രധാനമായും സംസ്ഥാനത്തേക്ക് കഞ്ചാവ് എത്തുന്നതെന്നാണ് സൂചന. ഈ സംസ്ഥാനങ്ങളിലെ കഞ്ചാവ് തോട്ടങ്ങളിൽ വിളവെടുപ്പ് സീസണായതോടെയാണ് സംസ്ഥാനത്തേക്ക് ഒഴുക്ക് വര്ധിച്ചിരിക്കുന്നതെന്നാണ് നിഗമനം. ഇത് മുന്നിൽ കണ്ട് എക്സൈസ് പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. വിളവെടുപ്പ് സമയമായതിനാല് കുറഞ്ഞ വിലക്ക് ലഭിക്കുന്ന കഞ്ചാവ് പരമാവധി സംഭരിച്ചു വെക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കാം ലഹരി മാഫിയ വൻതോതിൽ കടത്തു നടത്തുന്നതെന്നാണ് നിഗമനം. ഇരുചക്ര വാഹനങ്ങളുള്പ്പടെയുള്ള വാഹനങ്ങളില് ഊടുവഴികളിലൂടെയും ട്രെയിന് മാര്ഗവും ലഹരി കേരളത്തിലെത്തുന്നുണ്ട്. കൂടാതെ കൊറിയർ മുഖേന ലഹരി കടത്താനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ രണ്ട് ആഴ്ച മുമ്പ് കൊറിയര് സര്വിസുകള് കേന്ദ്രീകരിച്ച് എക്സൈസ് പരിശോധന നടത്തിയിരുന്നു. വിദ്യാലയ പരിസരങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയകൾ സജീവമാകുന്നതായും സംശയിക്കുന്നു.
സമീപ കാലത്തായി കേരളത്തില് കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില് വൻ വര്ധനയാണെന്നാണ് ലഹരി വേട്ടകൾ നൽകുന്ന സൂചന. പിടിക്കപ്പെടുന്നവരില് ഭൂരിഭാഗവും യുവാക്കളാണെന്നതും ലഹരി ഉപയോഗത്തിലും കടത്തിലും പുതിയ തലമുറയെ കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്.
എക്സൈസ് ജില്ലയിൽ പൊതുവായുള്ള പരിശോധനക്ക് പുറമെ ഹൈവേ, ബോര്ഡര് പട്രോളിങ്ങും സജീവമാക്കിയിട്ടുണ്ട്. റേഞ്ചുകളിലും പരിശോധനകള് ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.