ഇർഷാദ് വധം: നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഹൈകോടതിയിൽ
text_fieldsകൊച്ചി: കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശി ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഹൈകോടതിയിൽ. മൃതദേഹം കൊയിലാണ്ടി കൊടിക്കൽ ബീച്ചിൽനിന്ന് കണ്ടെത്തിയതായും പെരുവണ്ണാമൂഴി സി.ഐയുടെ റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ വിശദീകരണത്തെ തുടർന്ന് ഇർഷാദിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാതാവ് നഫീസ നൽകിയ ഹേബിയസ് കോർപസ് ഹരജിയിലെ തുടർനടപടികൾ കോടതി അവസാനിപ്പിച്ചു.
ദുബൈയിൽനിന്ന് നാട്ടിലെത്തിയ ഇർഷാദിനെ താമരശ്ശേരി സ്വദേശി നാസറും സംഘവും തട്ടിക്കൊണ്ടുപോയതായി കാട്ടിയാണ് നഫീസ ഹേബിയസ് കോർപസ് ഹരജി നൽകിയിരുന്നത്. മേയ് 13ന് ദുബൈയിൽനിന്ന് എത്തിയ ഇർഷാദ് ജൂലൈ ആറിന് വൈത്തിരിയിലെ ഭാര്യവീട്ടിലേക്ക് പോയെങ്കിലും മടങ്ങിവന്നില്ല. ഇതിനിടെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.
സ്വർണം തിരിച്ചുനൽകാതെ ഇർഷാദിനെ വിട്ടുതരില്ലെന്ന് സംഘം ഫോണിൽ അറിയിച്ചെന്നും ഹരജിയിൽ പറഞ്ഞിരുന്നു. കേസ് രജിസ്റ്റർ ചെയ്യുന്നതിന് 12 ദിവസം മുമ്പുതന്നെ ഇർഷാദ് മരിച്ചെന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയായിരുന്നു ഇർഷാദ്. ഗൾഫിൽനിന്ന് കടത്തിയ സ്വർണം ഇവരുടെ സംഘത്തിന് കൈമാറാതെ ഇർഷാദ് മറ്റാർക്കോ നൽകി പണം വാങ്ങി സ്വന്തം ആവശ്യങ്ങൾക്ക് വിനിയോഗിച്ചു. തുടർന്നാണ് പ്രതികൾ ഇയാളെ തട്ടിക്കൊണ്ടുപോയത്.
ഇയാളെ ആക്രമിച്ച് പരിക്കേൽപിച്ച ശേഷം ജൂലൈ 15ന് പുറക്കാട്ടേരി പാലത്തിൽനിന്ന് പുഴയിലേക്ക് എറിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഡി.എൻ.എ പരിശോധനയിലാണ് മൃതദേഹം ഇർഷാദിന്റേതാണെന്ന് ബോധ്യപ്പെട്ടത്. അന്വേഷണം പുരോഗമിക്കുകയാണെന്നും തട്ടിക്കൊണ്ടുപോയവർക്കെതിരെ കൊലപാതകവും ഗൂഢാലോചനയുമടക്കം കുറ്റങ്ങൾ കൂട്ടിച്ചേർത്തതായും പൊലീസ് അറിയിച്ചു. തുടർന്നാണ് ഹേബിയസ് കോർപസ് തീർപ്പാക്കിയത്.
മൂന്നു പ്രതികൾ കീഴടങ്ങി
കൽപറ്റ: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾ കൽപറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. കോഴിക്കോട് പന്തിരിക്കരയിലെ ഇർഷാദ് കൊലക്കേസിലെ പ്രതികളായ വൈത്തിരി കൊടുങ്ങയിപ്പറമ്പിൽ മിസ്ഹർ (28), റിപ്പൺ പാലക്കണ്ടി ഷാനവാസ്, കോഴിക്കോട് കൊടുവള്ളി കളത്തിങ്കൽ ഇർഷാദ് എന്നിവരാണ് കീഴടങ്ങിയത്. വയനാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമീപിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. കേസ് കൽപറ്റ കോടതിയുടെ പരിധിയില്‍ അല്ലാത്തതിനാല്‍ പ്രതികളെ പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.ആര്. സുനില്‍കുമാര്‍ ഉത്തരവിട്ടു. തുടര്‍ന്ന് കല്പറ്റ സി.ഐ ഷിജുവിന്റെ നേതൃത്വത്തിൽ പ്രതികളെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. രാത്രി ഒമ്പതോടെ പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൊലക്കേസില്‍ നേരത്തെ നാല് പ്രതികളാണ് പിടിയിലായത്. വിദേശത്തുനിന്ന് കൊടുത്തുവിട്ട സ്വർണം മറ്റൊരു സംഘത്തിന് കൈമാറിയതോടെയാണ് ഇര്‍ഷാദിനെ സംഘം തട്ടിക്കൊണ്ടുപോയത്. 60 ലക്ഷം വിലവരുന്ന സ്വര്‍ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ചശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്. സ്വർണം വീണ്ടെടുക്കാന്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതും വകവരുത്തിയതുമെല്ലാം ആസൂത്രണംചെയ്ത് നടപ്പാക്കിയത് കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.