തലക്ക് പിറകിൽ ആഴത്തിലുള്ള മുറിവ്: ജിഷ്ണുവിന്റെ മരണം മതിലിൽനിന്ന് വീണാണെന്ന് സംശയം
text_fieldsകോഴിക്കോട്: ചെറുവണ്ണൂരിൽ സംശയകരമായ സാഹചര്യത്തിൽ മരിച്ച ജിഷ്ണുവിന്റെ (28) മരണകാരണം തലക്ക് പിറകിൽ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വലതു വാരിയെല്ല് പൊട്ടി ശ്വാസകോശത്തിന് കേടുപാട് സംഭവിച്ചതായും റിപ്പോർട്ടിലുണ്ട്. ചെറുതും വലുതുമായ 11 മുറിവുകളാണ് ജിഷ്ണുവിന്റെ ശരീരത്തിൽ കണ്ടെത്താനായത്. വയറ്റിൽനിന്ന് ലഭിച്ച ഭക്ഷണാവശിഷ്ടങ്ങളുടെ പരിശോധനഫലം ലഭിച്ചിട്ടില്ല. മതിലിന് മുകളിൽനിന്ന് അബദ്ധത്തിൽ താഴെ വീണുള്ള പരിക്കാണ് എന്നാണ് നിഗമനം. യാദൃച്ഛികമായി വീഴുമ്പോഴുള്ള പരിക്കാണ് ശരീരത്തിൽ ഉള്ളത്.
2022 ഏപ്രിൽ 26ന് രാത്രിയായിരുന്നു ബി.സി റോഡിൽ നാറണത്ത് വീട്ടിൽ ജിഷ്ണുവിനെ വീടിനടുത്ത് വഴിയരികിൽ ഗുരുതര നിലയിൽ കണ്ടെത്തിയത്. വയനാട്ടിലെ ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് വീട്ടിൽ അന്വേഷിച്ചെത്തിയതിന് പിന്നാലെയാണ് യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് മർദനമേറ്റാണ് ജിഷ്ണു മരിച്ചതെന്ന് സംശയമുയർന്നിരുന്നു. മരണത്തിൽ കുടുംബം സംശയം ഉന്നയിക്കുകയും ചെയ്തു. ഇതോടെ കേസ് അന്വേഷിക്കാൻ കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചു. ക്രൈംബ്രാഞ്ച് എ.സി.പി അനിൽ ശ്രീനിവാസാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.