ലഹരിയെത്തുന്നത് തടയാൻ ജയിൽ വകുപ്പ്: ഒത്താശക്കാരായ ഉദ്യോഗസ്ഥർക്ക് പിടിവീഴും
text_fieldsകോഴിക്കോട്: ലഹരി വസ്തുക്കളടക്കം നിരോധിച്ച സാധനങ്ങൾ തടവുകാർക്ക് ലഭിക്കുന്നത് തടയാൻ കർശന നടപടികളുമായി ജയിൽ വകുപ്പ്. മേഖല ഡി.ഐ.ജിമാരുടെ മേൽനോട്ടത്തിൽ എല്ലാ ജയിലുകളിലും തുടർ പരിശോധന നടത്തുന്നതോടൊപ്പം നിരോധിത സാധനങ്ങൾ എത്തിക്കുന്നതിന് ഒത്താശചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.
മാസത്തിൽ ചുരുങ്ങിയത് രണ്ടുതവണയെങ്കിലും പരിശോധന നടത്തി റിപ്പോർട്ട് ജയിൽ മേധാവി സുധേഷ് കുമാറിന് സമർപ്പിക്കാനാണ് നിർദേശം. എല്ലാ സെല്ലുകളിലും പാചകശാല, പരിസര പ്രദേശങ്ങൾ എന്നിവയടക്കമുള്ള സ്ഥലങ്ങളിലുമാണ് പരിശോധന നടത്തേണ്ടത്. കൂടാതെ ഡി.ഐ.ജിമാർ മാസത്തിലൊരിക്കൽ ജയിലുകൾ സന്ദർശിച്ച് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകണമെന്നും വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നു. തടവുകാർക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് അവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ സൂപ്രണ്ടുമാർ മേഖല ഐ.ജിമാർക്ക് റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.
അടുത്തിടെ കണ്ണൂർ സെൻട്രൽ ജയിലിലെ പാചകശാലയുടെ സ്റ്റോർ റൂമിൽനിന്ന് ലഹരിവസ്തു കണ്ടെടുത്തിരുന്നു. തുടർന്നു നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ജയിലുകളിലെ പാചകശാലയിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതിനൊപ്പം ലഹരി വസ്തുക്കളായ കഞ്ചാവ്, പുകയില, ബീഡി, സിഗരറ്റ് എന്നിവയടക്കമുള്ളവ രഹസ്യമായി കൊണ്ടുവരുന്നു എന്ന് വ്യക്തമായിരുന്നു. പിന്നാലെയാണ് സുരക്ഷ വീഴ്ചകൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കാൻ നിർദേശിച്ചത്. ജയിലുകളിലേക്ക് ഭക്ഷണാവശ്യത്തിനായി സാധനങ്ങൾ എത്തിക്കുമ്പോൾ ചുമതലക്കാരായ ഉദ്യോഗസ്ഥർക്കുപുറമെ ഗാർഡ് ഡ്യൂട്ടിയിലെ പൊലീസ് ഉദ്യോഗസ്ഥനെയും കൂട്ടി സംയുക്ത പരിശോധന നടത്തി മാത്രമേ സാധനങ്ങൾ ജയിലിനുള്ളിലേക്ക് ഇനി എത്തിക്കാവൂ. ഒരു വാഹനവും ജയിലിനുള്ളിൽ കടത്തരുത്. അടിയന്തര ഘട്ടത്തിൽ സൂപ്രണ്ടിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ വാഹനം ഉള്ളിലെത്തിക്കാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.