ജയിൽ ചാടിയ കൊലക്കേസ് പ്രതി മധുരയിൽ പിടിയിൽ
text_fieldsതിരുവനന്തപുരം: സെൻട്രൽ ജയിലിൽനിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടി. ഇടുക്കി വണ്ടന്മേട് സ്വദേശി മണികണ്ഠനെയാണ് മധുരയിൽനിന്ന് ഒരാഴ്ചക്ക് ശേഷം ജയിൽ ജീവനക്കാരുടെ പ്രത്യേകസംഘം പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ചപ്പാത്തി നിർമാണ പ്ലാന്റിൽനിന്ന് പ്രതി ഒളിച്ചുകടന്നത്. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിച്ചുവരികയായിരുന്നു. ചപ്പാത്തി പ്ലാന്റിലെ ജനറേറ്ററിന് ഡീസലടിക്കാനാണ് ഇയാളെ ചൊവ്വാഴ്ച പ്ലാന്റിന് പുറത്തെത്തിച്ചത്. ആ സമയത്താണ് സമീപത്തെ മതിൽചാടി രക്ഷപ്പെട്ടത്.
രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് സമീപമുള്ള ജയിൽ ക്വാർട്ടേഴ്സ് വളപ്പ് വഴിയാണ് പുറത്തേക്കുകടന്നത്.
അവിടെനിന്ന് ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരായ അനിൽരാജ്, എസ്.എൽ. അർജുൻ, സി.എസ്. കിരൺ, അസിസ്റ്റന്റ് പ്രിസൺ ഓഫിസർ കം ഡ്രൈവർ അർജുൻ മോഹൻ എന്നീ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. സംഘം കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി പ്രതിയെ കണ്ടെത്തുന്നതിനായി കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തിവരികയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നൂറിലധികം സി.സി ടി.വി ദൃശ്യങ്ങളാണ് പരിശോധിച്ചത്.
ഇയാളെ ഉടൻ തന്നെ ജയിലിലെത്തിക്കും. ശിക്ഷക്കിടെ നേരത്തേ പരോളിലിറങ്ങിയ മണികണ്ഠൻ, ഏഴ് വർഷത്തോളം ഒളിവിൽ കഴിയുകയായിരുന്നു. ആറുമാസം മുമ്പാണ് പൊലീസ് വീണ്ടും ഇയാളെ പിടികൂടി സെൻട്രൽ ജയിലിലെത്തിച്ചത്. തമിഴ്നാട് തിരുപ്പൂരിൽനിന്ന് രണ്ടാം വിവാഹം കഴിച്ച ഇയാൾ, ഭാര്യയുമായി കേരളത്തിലെത്തിയപ്പോഴാണ് പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.