ജയേഷ് വധം: പ്രതികള്‍ക്ക് ജീവപര്യന്തം, പ്രോസിക്യൂട്ടറെ വധിക്കുമെന്ന ഭീഷണിയുമായി പ്രതികൾ
text_fieldsആലപ്പുഴ: കുട്ടനാട് കൈനകരിയില്‍ യുവാവിനെ വീടിനുസമീപം ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടും മൂന്നും നാലും പ്രതികള്‍ക്ക് ജീവപര്യന്തവും ലക്ഷം രൂപ വീതം പിഴയും ശിക്ഷ. 2014 മാര്‍ച്ചില്‍ കൈനകരി തോട്ടുവാത്തല സ്വദേശി ജയേഷിനെയാണ് വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്. രണ്ടാംപ്രതി ആര്യാട് കോമളപുരം കട്ടിക്കാട്ട് സാജന് (31), മൂന്നാം പ്രതി പുതുവല്‍വെളി നന്ദു (26), നാലാം പ്രതി കൈനകരി ആറ്റുവാത്തല അത്തിത്തറ ജനീഷ് (38) എന്നിവര്‍ക്കാണ് ആലപ്പുഴ ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എ. ഇജാസ് ജീവപര്യന്തം വിധിച്ചത്. ഒമ്പതും പത്തും പ്രതികളായ തോട്ടുവാത്തല മാമൂട്ടിച്ചിറ സന്തോഷ് (38), തോട്ടുവാത്തല ഉപ്പൂട്ടിച്ചിറ കുഞ്ഞുമോന് (61) എന്നിവർക്ക് രണ്ട് വര്‍ഷം വീതം തടവും ശിക്ഷിച്ചു. ഇവര്‍ 50,000 രൂപ വീതം പിഴയും ഒടുക്കണം. ഒന്നാം പ്രതി പുന്നമട അഭിലാഷ് വിചാരണവേളയിൽ കൊല്ലപ്പെട്ടിരുന്നു. അഞ്ചുമുതല്‍ എട്ടുവരെ പ്രതികളായ കൈനകരി മാമൂട്ടിച്ചിറ സബിന്‍കുമാര്‍ (40), കൈനകരി തോട്ടുവാത്തല ചെമ്മങ്ങാട്ടുവീട്ടില് ഉല്ലാസ് (36), തോട്ടുവാത്തല മംഗലശ്ശേരിയില്‍ വിനീത് (സായിപ്പ്, 36), ആറ്റുവാത്തല പുത്തന്‍പറമ്പ് വീട്ടില്‍ പുരുഷോത്തമന് (70) എന്നിവരെ വെറുതെവിട്ടു.
ശിക്ഷാവിധി കേട്ടയുടൻ പ്രോസിക്യൂട്ടറെ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണി ഉയർത്തി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ജഡ്ജി ചേംബറിൽനിന്ന് പോയശേഷമായിരുന്നു ഇത്. ജീവപര്യന്തം പുല്ലാണെന്നും വധശിക്ഷ വാങ്ങിക്കൊടുക്കാനും വെല്ലുവിളിച്ചു. ശിക്ഷകഴിഞ്ഞ് വന്നാൽ ജീവനോടെ െവച്ചേക്കില്ലെന്നും ഭീഷണി മുഴക്കിയതായി പ്രോസിക്യൂട്ടർ പി.കെ. രമേശൻ പറഞ്ഞു. സ്വയം വസ്ത്രം വലിച്ചുകീറിയും പ്രതിക്കൂടിെൻറ കൈവരികളിൽ ഇടിച്ചും ആക്രോശിച്ചും ഇവർ ബഹളം വെക്കുകയായിരുന്നു. പൊലീസുകാരെയും പ്രതികള്‍ ഭീഷണിപ്പെടുത്തി. കൂടുതല്‍ പൊലീസ് എത്തിയാണ് പ്രതികളെ കനത്ത സുരക്ഷയില്‍ പുറത്തേക്ക് കൊണ്ടുപോയത്. പൊലീസ് വാഹനത്തില്‍ കയറുന്നതിനുമുമ്പും പ്രതികള്‍ അസഭ്യവര്‍ഷം നടത്തി.
വിധി പുറത്തുവന്നതിന് പിന്നാലെ ഗുണ്ടസംഘങ്ങള്‍ കോടതിക്ക് പുറത്ത് പ്രകോപനം സൃഷ്ടിച്ചു. പൊലീസിനെയും അഭിഭാഷകരെയും വെല്ലുവിളിച്ച് ഈ സംഘം രംഗത്ത് വന്നു. സംഘർഷം ഒഴിവാക്കാൻ പൊലീസിന് ലാത്തി വീശേണ്ടിവന്നു. കോടതിക്കകത്തുകയറിയ രണ്ടുപേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. മറ്റുള്ളവർ ഒാടി. അണ്ണാച്ചി ഫൈസല്‍, ജീജു എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ ചിത്രങ്ങള്‍ പകര്‍ത്തിയപ്പോഴും പ്രതികള്‍ അസഭ്യവര്‍ഷം തുടര്‍ന്നു.
2014 മാര്‍ച്ച് 28ന് രാത്രിയിലാണ് ഗുണ്ടസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്ന് കൈനകരി 11ാം വാര്‍ഡില്‍ ജയേഷ് ഭവനത്തില്‍ ജയേഷിനെ (26) വീട് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഒന്നാം പ്രതിയായ പുന്നമട അഭിലാഷിനെ 2013 ഒക്ടോബറില്‍ കൈനകരി ഗുരുമന്ദിരത്തിന് സമീപം വെച്ച് ജയേഷ് കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. ഒമ്പതാം പ്രതി സന്തോഷിെൻറ വീട്ടുകാരും ജയേഷും തമ്മില്‍ 2014 ഫെബ്രുവരിയില്‍ കൊയ്ത്തുയന്ത്രമിറക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘട്ടനത്തിലെത്തിയിരുന്നു. ഈ സംഭവങ്ങളിലെ വൈരാഗ്യമാണ് ജയേഷിെൻറ കൊലപാതകത്തിൽ കലാശിച്ചത്. വീട് തകർത്ത് അകത്തുകടന്ന അക്രമികളെ കണ്ട് ഭയന്നോടിയ ജയേഷിനെ വീടിന് പടിഞ്ഞാറുള്ള വയലിലിട്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. പിതാവിെൻറയും മാതാവിെൻറയും ഭാര്യയുടെയും അടക്കം മുന്നിലിട്ടാണ് ജയേഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.