ഉള്ളുനീറി കുട്ടികൾ; രണ്ടാം ക്ലാസിൽ ഇനി ജെസി ടീച്ചറില്ല
text_fieldsവൈപ്പിൻ: ഞാറക്കൽ സെൻറ് മേരീസ് സ്കൂളിെൻറ ഗേറ്റ് കടന്ന് ഇനി ജെസി ടീച്ചർ വരില്ല. ഞാറക്കലിൽ ആത്മഹത്യ ചെയ്ത ജെസി ടീച്ചറുടെ വിയോഗം സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കും ആഘാതമായി. ഏതാനും ദിവസം മുമ്പുവരെ സ്കൂളിൽ സജീവ സാന്നിധ്യമായിരുന്ന അധ്യാപികയുടെ വേർപാട് രക്ഷിതാക്കൾക്കും ഉൾക്കൊള്ളാനാകുന്നില്ല. പഠനത്തിൽ വിദ്യാർഥികളെ എന്നും മുന്നിലെത്തിച്ച ടീച്ചർ സ്കൂളിന് പുറത്തേക്കും കുട്ടികൾക്കുവേണ്ടി രക്ഷിതാക്കളുമായി സൗഹൃദം സൂക്ഷിച്ചിരുന്നു.
എങ്കിലും അധികം ആരോടും അടുക്കാത്ത പ്രകൃതമാണ് ജെസി ടീച്ചറുടെയും കുടുംബത്തിെൻറയുമെന്ന് സ്കൂളിലെ മറ്റ് അധ്യാപകർ പറയുന്നു.സ്കൂളുമായി വർഷങ്ങളുടെ ബന്ധമുണ്ട് ജെസി ടീച്ചറുടെ കുടുംബത്തിന്. ടീച്ചറുടെ മാതാവും ഇതേ സ്കൂളിലെ അധ്യാപികയായിരുന്നു. 1997 മാർച്ചിലാണ് മാതാവ് റീത്ത ടീച്ചർ സ്കൂൾ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് വിരമിക്കുന്നത്.
അതേവർഷം ജൂണിലാണ് ജെസി ടീച്ചർ ജോലിയിൽ പ്രവേശിക്കുന്നതും. ടീച്ചർക്കും കുടുംബത്തിനും ഉണ്ടായിരുന്നു മാനസികപ്രശ്നങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകൾ ടീച്ചർ സഹപ്രവർത്തകരായ അധ്യാപകരോട് ഇടക്കൊക്കെ പങ്കുവെച്ചിരുന്നു. അതനുസരിച്ച് സ്കൂളിെൻറ നേതൃത്വത്തിൽ പലപ്പോഴായി കുടുംബത്തിന് കൗൺസലിങ്ങും നൽകിയിരുന്നു.
പലപ്പോഴായി ദീർഘ അവധിയിൽ പ്രവേശിക്കാൻ അപേക്ഷ കൊടുത്തെങ്കിലും ടീച്ചർതന്നെ അതൊക്കെ പിൻവലിച്ചിരുന്നു. സ്കൂളിനകത്ത് അത്യാവശ്യം എല്ലാവരോടും ഇടപഴകുമെങ്കിലും വീട്ടിലേക്ക് സഹപ്രവർത്തകരെയും അകറ്റിനിർത്തി. മാസങ്ങൾക്കുമുമ്പ് മാനസികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്നുപറഞ്ഞ് ക്ലാസിൽ കയറാതിരുന്ന ടീച്ചർ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നോക്കിനടത്തുകയായിരുന്നെന്ന് അധ്യാപികയായ ജിജി പറയുന്നു.
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുകാട്ടി കോവിഡ്കാലത്ത് ഓൺലൈൻ ക്ലാസ് എടുക്കുന്നതിൽനിന്ന് ജെസി ടീച്ചറെ സഹോദരൻ വിലക്കിയിരുന്നതായും ടീച്ചർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.