ജ്വല്ലറി കവർച്ച; പ്രതിയെ പൊക്കിയത് തിരുട്ട് ഗ്രാമത്തിൽനിന്ന്
text_fieldsകായംകുളം: നഗരമധ്യത്തിലെ ജ്വല്ലറി കവർച്ചയിൽ പൊലീസ് സാഹസികമായാണ് തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിൽനിന്ന് പ്രതിയെ പൊക്കിയത്. താലൂക്ക് ആശുപത്രിക്ക് സമീപം കെ.പി. റോഡിനോട് ചേർന്ന ജ്വല്ലറിയിൽ നടന്ന കവർച്ചയിലെ പ്രതികളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടാനായതും പൊലീസിന് നേട്ടമായി.
കഴിഞ്ഞ 11 ന് രാവിലെ 9.30 ഒാടെ ജ്വല്ലറിക്ക് സമീപത്തെ ആര്യവൈദ്യശാല തുറന്നപ്പോഴാണ് ഭിത്തി തുരന്നത് ശ്രദ്ധയിൽപ്പെട്ടത്. കൂടുതൽ പരിശോധനയിലാണ് പിൻവശത്ത് കൂടി കള്ളൻമാർ ജ്വല്ലറിക്കുള്ളിലേക്കാണ് തുരന്നുകയറിയതെന്ന് കണ്ടെത്തുന്നത്.
എട്ട് ലക്ഷം രൂപയുടെ ഉരുപ്പടികളും പണവുമാണ് നഷ്ടമായത്. തെളിവുകൾ അവശേഷിപ്പിക്കാതെ മടങ്ങിയ തസ്കരസംഘത്തിനായി ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ 21 അംഗ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.
ഇവർ പലവഴിയായി നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. തിരുട്ടുഗ്രാമമായ കടലൂരിൽ കണ്ണൻ എത്തിയതായി അറിഞ്ഞെങ്കിലും പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ലാത്തതിനാൽ ഇങ്ങോട്ട് കയറുക പ്രയാസമായി. തുടർന്ന് തമിഴ്നാട് പൊലീസിെൻറ സഹായത്തോടെ മടയിൽ കയറി കണ്ണനെ സാഹസികമായി പൊക്കുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് ജയിലിൽ െവച്ച് ആടുകിളി നൗഷാദുമായി നടത്തിയ ഗൂഢാലോചനയാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.
സംഭവത്തിന് രണ്ട് ദിവസം മുമ്പ് കരീലക്കുളങ്ങര, കൊറ്റുകുളങ്ങര എന്നിവിടങ്ങളിലെ വർക്ഷോപ്പുകളിൽനിന്നും മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചാണ് ജ്വല്ലറിയുടെ ലോക്കർ തുറക്കാൻ ശ്രമിച്ചത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന മോഷ്ടാവിനായി തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.