ജോലി തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
text_fieldsചാരുംമൂട്: തുർക്കി ആസ്ഥാനമായ കമ്പനിയുടെ കപ്പലുകളിൽ ഡെക്ക് കേഡറ്റായി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി വിദേശത്തേക്ക് കടന്ന യുവാവ് അറസ്റ്റിൽ. കാസർകോട് പെർള പോസ്റ്റൽ അതിർത്തി ജീലാനി മൻസിലിൽ അഹമ്മദ് അസ്ബക്കിനെയാണ് (28) മംഗളൂരു വിമാനത്താവളത്തിൽനിന്ന് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം പാവുമ്പ സ്വദേശിയെ കബളിപ്പിച്ചാണ് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. മുംബൈയിൽ മർച്ചന്റ് നേവി കോഴ്സ് ചെയ്ത യുവാവിന് ബംഗളൂരുവിലെ റിക്രൂട്ട്മെൻറ് സ്ഥാപനത്തിൽനിന്ന് 2023 ജൂലൈയിൽ തുർക്കി കമ്പനിയുടെ കപ്പലിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന ഓഫർ ലെറ്റർ വന്നു. തുടർന്ന് പ്രതിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട യുവാവിനെയും സുഹൃത്തുക്കളെയും ഇൻറർവ്യൂ നടത്തുകയും ഇയാൾ സർട്ടിഫിക്കറ്റ് വാങ്ങി പരിശോധന നടത്തുകയും ചെയ്തു. ഇതിനിടയിൽ ഏഴ് ലക്ഷം രൂപ അക്കൗണ്ട് വഴി വാങ്ങിയെടുത്തു. പിന്നീട് ഇയാളെ വിളിച്ചാൽ കിട്ടാതായി. ഒടുവിൽ നൂറനാട് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് രൂപം നൽകി. നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചപ്പോൾ പ്രതി ദുബൈയിലേക്ക് കടന്നുവെന്ന് വ്യക്തമായതിനെത്തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
നവംബർ 24ന് ദുബൈയിൽനിന്ന് വന്ന് മംഗളൂരുവിൽ ഇറങ്ങി ബംഗളൂരുവിലേക്ക് പോകാൻ ശ്രമിക്കുന്നതിനിെടയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എസ്. നിതീഷ്, എസ്.ഐ സുഭാഷ് ബാബു, എ.എസ്.ഐ സിനു വർഗീസ്, ജെ. അജിത കുമാരി, സീനിയർ സിവിൽ പൊലീസ് ഓഫിസർ എച്ച്. സിജു, സിവിൽ പൊലീസ് ഓഫിസർ ആർ.എസ്. വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
തൃശൂർ വലപ്പാട്, പാലക്കാട്, കോങ്ങാട്, എറണാകുളം, കല്ലൂർക്കാട്, താനൂർ, പൊന്നാനി, പുളിങ്കുന്ന്, കുണ്ടറ, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.