ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
text_fieldsപാലോട്: വിദേശത്തും കപ്പലിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കായകുളം കീരിക്കാട് ഐക്കണ മുറിയിൽ ജെയിൻ വിശ്വംഭരനെയാണ് (28) മുംബൈയിൽനിന്ന് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. പാലോട് സ്വദേശിയായ യുവാവിൽനിന്ന് വിദേശത്ത് കപ്പലിൽ ജോലി വാഗ്ദാനംചെയ്ത് പല തവണകളായി മൂന്നു ലക്ഷത്തോളം രൂപയും പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും വാങ്ങിയ ശേഷം ജോലി നൽകാതെ കബളിപ്പിച്ചു. പരിശീലനം എന്ന പേരിൽ മുംബൈയിൽ കൊണ്ടുപോയി ഒരു കൊല്ലത്തോളം താമസിപ്പിച്ചശേഷം തിരിച്ചു നാട്ടിലേക്കു മടക്കി വിടുകയുമായിരുന്നുവെന്നാണ് പരാതി. തുടർന്ന് പാലോട് പൊലീസിന് ലഭിച്ച പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ ഒരു അംഗീകാരവുമില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള നിരവധി യുവാക്കൾ തട്ടിപ്പിനിരയായതായി വിവരം ലഭിച്ചു.
ഓൺലൈൻ മുഖേന നിരവധി ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം വാങ്ങിയിരുന്നത്. നവി മുംബൈ, ബേലാപ്പൂർ, പനവേൽ എന്നിവ കേന്ദ്രീകരിച്ച് മലയാളികൾ ഉൾപ്പെട്ട സംഘം തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മുംബൈ കേന്ദ്രീകരിച്ച് ആങ്കർ മറൈൻ ബിയോടെക്, അങ്കർ മറൈൻ തുടങ്ങിയ പേരുകളിൽ രജിസ്റ്റർ ചെയ്യാത്തതും നിലവിൽ ഇല്ലാത്തതുമായ സ്ഥാപനങ്ങളുടെ പേരിലാണ് ആളുകളെ വിദേശത്തേക്ക് കയറ്റിയയച്ചിരുന്നത്.
ഇത്തരത്തിൽ 3.50 ലക്ഷം വാങ്ങി ഇറാനിലേക്ക് അയച്ച വയനാട് സ്വദേശിയെ മൂന്നു മാസത്തിനു ശേഷം എംബസിയും നോർക്കയും ഇടപെട്ട് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിരുന്നു. 15,000 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെ വാങ്ങിയ ശേഷം ജോലി ലഭിക്കാതെ തട്ടിപ്പിനിരയായ നിരവധി പരാതികൾ എല്ലാ ജില്ലകളിൽനിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ തട്ടിപ്പിനുളള ഇരകളെ കണ്ടെത്തുന്നത്. പാസ്പോർട്ടും രൂപയും തിരികെ ചോദിക്കുന്നവരെ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
റൂറൽ ജില്ല പൊലീസ് മേധാവി ദിവ്യാ ഗോപിനാഥ്, നെടുമങ്ങാട് ഡിവൈ.എസ്.പി എം.കെ. സുൾഫിക്കർ എന്നിവരുടെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീൻ, ഗ്രേഡ് എസ്.ഐ റഹിം, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒ വിനീത്, അരുൺ, ഷൈലാ ബീവി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.