ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മുഖ്യപ്രതിയെ കസ്റ്റഡിയിൽ വാങ്ങി
text_fieldsചേര്‍ത്തല: ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിക്കുമേൽ തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാനിയായ ഇന്ദുവിനെ (സാറ) നാലുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം വനിതാ ജയിലിലായിരുന്ന ഇന്ദുവിനെ തിങ്കളാഴ്ച ഉച്ചക്കുശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ചൊവ്വാഴ്ച യുവതിയുമായി പ്രധാന കേന്ദ്രങ്ങളില്‍ തെളിവെടുപ്പ് നടത്തും.
ഒപ്പം പിടിയിലായ ശ്രീകുമാറിനുപുറമെ തട്ടിപ്പില്‍ ഇന്ദുവിന് സഹായികളായിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വെള്ളിയാഴ്ച കസ്റ്റഡി കാലാവധി തീരും മുമ്പ് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കും. പണം വാങ്ങിയവരെ വിശ്വസിപ്പിക്കാനായി ഇവര്‍ വ്യാജരേഖകളുണ്ടാക്കിയ കമ്പ്യൂട്ടറും ഫോണും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. കേസിലെ പ്രധാന തെളിവുകളായ കമ്പ്യൂട്ടറും ഫോണും കണ്ടെടുക്കാനാണ് മുഖ്യനീക്കം. ഇതിനായി ആലപ്പുഴയിലും തിരുവനന്തപുരത്തും യുവതിയെ എത്തിച്ച് തെളിവെടുക്കും.
പുറമെ, നെയ്യാറ്റിന്‍കരയിലും മ്യൂസിയം പൊലീസ് പരിധിയിലും ചേര്‍ത്തല ആലപ്പുഴ പരിധിയിലെ സ്ഥാപനങ്ങളിലും സ്കൂളുകളിലും തെളിവെടുപ്പിന് കൊണ്ടു പോകുന്നുണ്ട്.
സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലും മാനേജ്മെന്റ് സ്കൂളുകളിലും നിയമനം വാഗ്ദാനം ചെയ്തും വ്യാജ നിയമന ഉത്തരവുകൾ നല്‍കിയും ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ തിരുവനന്തപുരം ജെ.എം അപ്പാര്‍ട്മെന്റില്‍ രണ്ട് ഡി ഫ്ലാറ്റില്‍ ഇന്ദു(സാറ -35), ചേര്‍ത്തല സ്വദേശി ശ്രീകുമാര്‍ എന്നിവരെ കഴിഞ്ഞദിവസമാണ് ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്. 38 ഓളം പേരില്‍ നിന്ന് മൂന്നുമുതല്‍ എട്ടരലക്ഷം വരെ വാങ്ങിയായിരുന്നു തട്ടിപ്പ്.
ഇന്ദുവിന്റെ ആലപ്പുഴയിലെയും തിരുവനന്തപുരത്തെയും ബന്ധങ്ങള്‍ തേടിയാണ് പൊലീസ് നീങ്ങുന്നത്. ഇന്ദുവിന്റെ ഭര്‍ത്താവ് കലവൂര്‍ സ്വദേശി ഷാരോണിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ പണമിടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരുടെയും പേരുകളിലുള്ള അക്കൗണ്ടിലേക്കും പണം എത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചത്. കൊലക്കേസ് പ്രതിയായ ഇയാള്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
തട്ടിപ്പില്‍ ഇടനിലക്കാരനായിരുന്ന ചേര്‍ത്തല സ്വദേശി ശ്രീകുമാറിനെതിരെയും കൂടുതല്‍ പരാതികള്‍ ഉയരുന്നുണ്ട്. ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സഹജീവനക്കാരില്നിന്ന് അടക്കം പണം തട്ടിയതായി ആരോപണമുണ്ട്. കേസില്‍ അറസ്റ്റിലായതോടെ ഇയാളെ പിരിച്ചുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.