അമേരിക്കയിൽ ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയതായി പരാതി
text_fieldsപത്തനംതിട്ട: വിസ വാഗ്ദാനം നൽകി തിരുവല്ല സ്വദേശിയായ പാസ്റ്റർ പലരിൽനിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. ആരോപണ വിധേയനായ പാസ്റ്റർ ബാബുജോണിന്‍റെ തിരുവല്ലയിലെ വീട്ടിലേക്ക് തട്ടിപ്പിനിരയായവർ വ്യാഴാഴ്ച മാർച്ച് നടത്തും.
വിവിധ ജില്ലകളിൽനിന്നായി 45ൽ അധികം പേരിൽനിന്ന് രണ്ടുകോടി തട്ടിയെടുത്തതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശുർ, ഇടുക്കി ജില്ലകളിൽ നിന്നുള്ളവർക്ക് ചാരിറ്റി വിസയുടെ പേരിലാണ് പാസ്റ്റർ ബാബു ജോണും സഹായി തിരുവനന്തപുരം സ്വദേശി ജയചന്ദ്രനും ചേർന്ന് തട്ടിപ്പ് നടത്തിയത്.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും നഷ്ടപ്പെട്ട പണംവാങ്ങി നൽകണമെന്നും ആവശ്യപ്പെട്ട് തിരുവല്ല, കോട്ടയം, കടത്തുരുത്തി, ഈരാറ്റുപേട്ട, കുണ്ടറ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇവർ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുകയാണ്.
ബാബു ജോൺ ഇപ്പോഴും വീട്ടിൽ വരാറുണ്ട്. ബാബുജോണിന്‍റെയും ജയചന്ദ്രന്‍റെ പേരിലുള്ള അക്കൗണ്ടിലും ബാബുജോണിന്‍റെ ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും അക്കൗണ്ടുകളിലേക്കാണ് രണ്ടരലക്ഷം രൂപ മുതൽ എട്ടുലക്ഷം വരെ ഓരോരുത്തരും നിക്ഷേപിച്ചത്. പണമായും നൽകിയിട്ടുണ്ട്. 2021ൽ ബാബുജോണും ഭാര്യയും ചേർന്ന് പണം ചോദിച്ച് ചെന്നവരെ മർദിച്ച സംഭവുമുണ്ട്. പൊലീസ് അനാസ്ഥ തുടരുന്നതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പലിശക്ക് പണമെടുത്താണ് പണംനൽകിയത്. കൊല്ലം ജില്ലയിൽ ചവറ സ്വദേശിനി സ്മിത അഞ്ചുലക്ഷം രൂപായാണ് കൊടുത്തത്. പലിശ കൊടുക്കാൻ നിർവാഹമില്ലാതെ 2021ൽ സ്മിത ആത്മഹത്യചെയ്തു. അവരുടെ കുടുംബത്തി സ്ഥിതി ഇപ്പോൾ ദയനീയമാണ്. ബാബുജോണിന്‍റെ കൈവശം അമേരിക്കൻ എംബസിയുടെ വ്യാജ സീലുകളും മറ്റു പലരേഖകളുമുണ്ട്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. നീതി ലഭിക്കാത്തപക്ഷം നിരാഹാരം ഉൾപ്പെടെ സമരപരിപാടി തുടങ്ങുമെന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ ഉഷാകുമാരി കുണ്ടറ, ജനറൽ കൺവീനർ ശിവപ്രസാദ് ചവറ, ജിഷ്ണു വിജയൻ ചവറ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.