വിദേശത്ത് ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
text_fieldsപത്തനംതിട്ട : മാൾട്ട, ബൽഗേറിയ, ഖത്തർ, കമ്പോഡിയ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തയാളെ കോയിപ്രം പൊലീസ് പിടികൂടി. കണ്ണൂർ ഇരിക്കൂർ
വെള്ളാട് കുട്ടിക്കുന്നുമ്മേൽ വീട്ടിൽനിന്നും തളിപ്പറമ്പ് പയ്യന്നൂർ നരിക്കാമള്ളിൽ ഷൈജുവിന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന നിമൽ ലക്ഷ്മണനാണ്(25) പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ11 മുതൽ മേയ് 28 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പുറമറ്റം വെണ്ണിക്കുളം വാലാങ്കര പുളിക്കൽ വീട്ടിൽ ഹരീഷ് കൃഷ്ണനാണ് (27) പരാതിക്കാരൻ. ഹരീഷിന്റെയും മറ്റും ഉടമസ്ഥതയിൽ വെണ്ണിക്കുളത്ത് പ്രവർത്തിക്കുന്ന ഡ്രീം ഫ്യൂച്ചർ കൺസൾട്ടൻസ് എന്ന സ്ഥാപനത്തെയാണ് പ്രതി ചതിച്ച് പണം തട്ടിയത്. മാൾട്ടയിലേക്ക് 25,000 രൂപ വീതം നാല് ലക്ഷം രൂപയും, ബൾഗേറിയയിലേക്ക് 5 ലക്ഷം രൂപയും, ഖത്തറിലേക്ക് 25000 രൂപയും, കമ്പോഡിയയിലേക്ക് 8,10,000 രൂപയും ഉൾപ്പെടെ ജോലിക്കുള്ള വിസയുടെ തുകയായി ആകെ 17,35,000 രൂപയാണ് നെറ്റ് ബാങ്കിങ് വഴി പ്രതി തട്ടിയത്. തുടർന്ന് വിസ ലഭ്യമാക്കുകയോ, തുക തിരികെ നൽകുകയോ ചെയ്തില്ല. ഈ രാജ്യങ്ങളിലേക്ക് ജോലി ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.
ഇയാൾ ഉപയോഗിച്ചുവന്ന നാല് മൊബൈൽ ഫോൺ കാൾ വിശദാംശങ്ങൾ ജില്ല പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ലഭ്യമാക്കിയത് പരിശോധിച്ചപ്പോൾ കണ്ണൂർ ഇരിക്കൂർ പുളിക്കരുമ്പ എന്നിവിടങ്ങളിൽ ഇയാൾ ഉണ്ടെന്ന് ബോധ്യപ്പെട്ടു.
തുടർന്ന് പൊലീസ് സംഘം അവിടെയെത്തി വീട്ടിൽനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് ഞായറാഴ്ച രാത്രി 11 മണിയോടെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റം സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി. പ്രതി കബളിപ്പിച്ച് തട്ടിയെടുത്ത പണം കണ്ടെത്തുന്നതിനായി അന്വേഷണം പൊലീസ് ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.