മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി പിടിയിൽ
text_fieldsപിറവം: മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ചെങ്ങന്നൂർ സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂരിൽ ട്രാവൽസ് നടത്തിയിരുന്ന സി. ദിവ്യമോളെ (40) ആണ് രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2021 ലാണ് കേസിനാസ്പദമായ സംഭവം. രാമമംഗലം ഊരമന മണ്ണാപ്പറമ്പിൽ എം.കെ. സുരേഷിൽനിന്നാണ് പലപ്പോഴായി 7.75 ലക്ഷം രൂപ തട്ടിയെടുത്തത്. സുരേഷിന്റെ മകന് മാൾട്ടയിൽ ജോലി ലഭ്യമാക്കാമെന്ന് ഉറപ്പ് നൽകിയാണ് ചെങ്ങന്നൂരിൽ ട്രാവൽസ് നടത്തിയിരുന്ന രാജേഷും ഭാര്യ ദിവ്യാമോളും ചേർന്ന് പണം തട്ടിയെടുത്തത്. പണവും മകന്റെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളടക്കമുള്ള രേഖകളും ഇവർ വാങ്ങിവെച്ചു. ഊരമനയിൽ തടിപ്പണി വർക്ക് ഷോപ്പ് നടത്തുന്ന സുരേഷ് രാമമംഗലം സർവിസ് സഹകരണ ബാങ്കിൽനിന്ന് പത്ത് ലക്ഷം രൂപ ഇതിനായി ലോണെടുത്തിരുന്നു. വായ്പ തുക പലിശയടക്കം 13.5 ലക്ഷം രൂപയായിട്ടും മകന് ജോലിക്ക് വിസ ലഭിച്ചില്ല. തുടർന്ന് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതും നടന്നില്ല. തുടർന്നാണ് ഏതാനും മാസം മുമ്പ് സുരേഷ് രാമമംഗലം പൊലീസിൽ പരാതി നൽകിയത്.
കേസന്വേഷിച്ച പോലീസ് ദമ്പതിമാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. ഭർത്താവ് രാജേഷ് രണ്ട് ലക്ഷം രൂപ വാങ്ങിയെന്നും അത് കിട്ടിയാലുടൻ വിസ ലഭ്യമാക്കാമെന്നും പോലീസിന്റെ സാന്നിധ്യത്തിൽ യുവതി ഉറപ്പ് നൽകി. പക്ഷേ അതും നടന്നില്ല. പിന്നീട് പൊലീസ് വിളിച്ചിട്ടും ഇവർ ഫോണെടുത്തില്ല. ഇതിനിടയിൽ രാജേഷ് മറ്റൊരു കേസിൽ ജയിലിലുമായി. തുടർന്നാണ് രാമമംഗലം പൊലീസ് ഇൻസ്പെക്ടർ വി. രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയത്. എസ്.ഐ ടി.എൽ. ജയൻ, എ.എസ്.ഐ.എസ്. മധു, സീനിയർ സി.പി.ഒ ജിജു കുര്യാക്കോസ്, സി.പി.ഒ ഷാൽബി എന്നിവരടങ്ങുന്ന പൊലീസ് സംഘം ചെങ്ങന്നൂരിൽനിന്നാണ് യുവതിയെ പിടികൂടിയത്. ചെങ്ങന്നൂരിൽ ഇവർക്കെതിരെ വേറെയും പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.