സമൂഹ മാധ്യമങ്ങൾ വഴി ജോലി തട്ടിപ്പ്; നാലുപേർക്ക് നഷ്ടമായത് 1.73 കോടി
text_fieldsകണ്ണൂർ: വാട്സ്ആപ്, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് പണം കൈമാറിയ നാലുപേർക്ക് വൻ തുക നഷ്ടമായി. ജില്ലയിലെ നാലുപേരാണ് വഞ്ചിതരായത്. 1,57,70,000 രൂപ, 9,45,151 രൂപ, 6,04,894 രൂപ, 17,998 രൂപ എന്നിങ്ങനെയാണ് പരാതിക്കാർക്ക് നഷ്ടമായത്. തലശ്ശേരി സ്വദേശിക്കാണ് 1,57,70,000 നഷ്ടമായത്. ഒരുവ്യക്തിക്ക് ഒന്നര കോടിയിലധികം രൂപ തട്ടിപ്പിലൂടെ നഷ്ടമാകുന്നത് ഇതാദ്യമാണ്.
സമൂഹ മാധ്യമങ്ങൾ വഴി ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ്. പരസ്യം കണ്ട് പണം നിക്ഷേപിക്കുന്നവർക്ക് കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.
പണം നൽകി അവർ നൽകുന്ന ഓരോ ടാസ്ക് പൂർത്തീകരിച്ചാൽ ലാഭത്തോടുകൂടി പണം തിരികെ നൽകുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. തുടക്കത്തിൽ ടാസ്ക് പൂർത്തീകരിച്ചാൽ നൽകിയ പണം ലാഭത്തോടെ തിരിച്ചുനൽകി വിശ്വാസം നേടിയെടുക്കും. ഇതുപോലെ മൂന്നുനാല് ടാസ്ക്കുകൾ കഴിയുന്നതുവരെ പണം തിരികെ ലഭിക്കും. പിന്നീട് ടാസ്ക് ചെയ്യുന്നതിനായി കൂടുതൽ പണം ആവശ്യപ്പെടുകയും ഒരു ‘ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ആപ്ലിക്കേഷനിൽ പണം ക്രെഡിറ്റ് ആകുമെന്നുപറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും.
ആപ്ലിക്കേഷനിൽ പണം ക്രെഡിറ്റ് ആകുന്നത് കാണിക്കും എന്നല്ലാതെ അത് പിൻവലിക്കാൻ പറ്റുകയില്ല. പിൻവലിക്കുന്നതിനായി ടാക്സ് അടക്കണമെന്നും അതിനുവേണ്ടി പണം ആവശ്യമാണെന്നും ഇത്തരത്തിൽ പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെടുന്നതല്ലാതെ പിന്നീട് പണം തിരികെ ലഭിക്കുകയില്ല. ഇതോടെയാണ് പലർക്കും ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. അപ്പോഴേക്കും നല്ലൊരു തുക തട്ടിപ്പുകാരുടെ കൈകളിൽ എത്തുകയും ചെയ്യും. ഇത്തരത്തിൽ നിരവധി പേർക്കാണ് ദിവസേന പണം നഷ്ടമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.